ഡല്‍ഹി: കേന്ദ്രീയ വിദ്യാലയത്തില്‍ വിവിധ അധ്യാപക, അനധ്യാപക ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ന്യൂഡല്‍ഹിയിലെ പ്രഗതി വിഹാറിലുള്ള പിഎം ശ്രീ കേന്ദ്രീയ വിദ്യാലയ(കെവിഎസ്)ത്തിലാണ് ഒഴിവുകളുള്ളത്. പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചര്‍ (പിജിടി), ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചര്‍ (ടിജിടി), പ്രൈമറി ടീച്ചര്‍ (പിആര്‍ടി), വിവിധ അനധ്യാപക തസ്തികകളിലേക്കുള്ള ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അപേക്ഷകള്‍ സ്‌കൂളിന്റെ വെബ്‌സൈറ്റില്‍ സമര്‍പ്പിക്കാം. ഔദ്യോഗിക വിജ്ഞാപനമാണ് പുറത്തിറങ്ങിയത്. അപേക്ഷിക്കാനുള്ള അവസാന തീയതി മാര്‍ച്ച് ആറ് വരെയാണ്.
കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, സ്‌പോര്‍ട്‌സ് കോച്ച്, മ്യൂസിക് ആന്‍ഡ് ഡാന്‍സ് ഇന്‍സ്ട്രക്ടര്‍, യോഗ ഇന്‍സ്ട്രക്ടര്‍, നഴ്സ്, ഡോക്ടര്‍, കൗണ്‍സിലര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍, ആര്‍ട്ട് ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളിലും ഒഴിവുണ്ട്. ഓരോ തസ്തികയിലേക്കും എത്ര ഒഴിവുകള്‍ ഉണ്ടെന്ന് സ്‌കൂള്‍ വെബ്‌സൈറ്റില്‍ കൃത്യമായി വ്യക്തമാക്കിയിട്ടില്ല.
വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ ഒരു സ്വയംഭരണ സ്ഥാപനമായാണ് പിഎം ശ്രീ കേന്ദ്രീയ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, കമ്പ്യൂട്ടര്‍ സയന്‍സ്, പൊളിറ്റിക്കല്‍ സയന്‍സ്, ഗണിതം, സാമ്പത്തിക ശാസ്ത്രം, വാണിജ്യം, ഹിന്ദി, ഇംഗ്ലീഷ്, ഭൂമിശാസ്ത്രം, ചരിത്രം, എന്നി വിഷയത്തിലാണ് അധ്യാപക ഒഴിവുകളുള്ളത്.
മാര്‍ച്ച് ആറിന് രാവിലെ ഒന്‍പത് മണി മുതല്‍ നടക്കുന്ന വാക്ക്-ഇന്‍ അഭിമുഖങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.
പിജിടി അപേക്ഷകര്‍ക്ക് കുറഞ്ഞത് 50% മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ബി.എഡ്. ബിരുദവും ഉണ്ടായിരിക്കണം. പിആര്‍ടി അപേക്ഷകര്‍ക്ക് 12-ാം ക്ലാസ് യോഗ്യതയ്ക്കൊപ്പം ജെബിടി/ഡിഇഡി/പിടിസി സര്‍ട്ടിഫിക്കേഷനും ഉണ്ടായിരിക്കണം.
നോണ്‍-ടീച്ചിംഗ് തസ്തികകള്‍: ഓരോ തസ്തികയ്ക്കും പ്രത്യേക യോഗ്യതകള്‍ ബാധകമാണ്, ഇത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റില്‍ പരിശോധിക്കാം. അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായം 18 വയസും പരമാവധി പ്രായം 65 വയസുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉദ്യോഗാര്‍ത്ഥികള്‍ കെവിഎസിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കണം.
സ്‌കൂളിന്റെ വെബ്സൈറ്റ്: https://pragativihar.kvs.ac.in/
content highlight: delhis-kendriya-vidyalaya-invites-applications