സിനിമാപ്രേമികള്‍ ഏറെക്കാലമായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രത്തിന് ഇംഗ്ലീഷ് പേരാണ്. ഐ ആം ഗെയിം എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആര്‍ഡിഎക്സ് എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നഹാസ് ഹിദായത്ത് ആണ്. പോസ്റ്ററിനൊപ്പമാണ് ടൈറ്റിലും പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു കൈയില്‍ ചീട്ടും മറുകൈയില്‍ ക്രിക്കറ്റ് ബോളുമൊക്കെ പിടിച്ചിരിക്കുന്ന ദുല്‍ഖറിന്‍റെ കഥാപാത്രമാണ് പോസ്റ്ററില്‍ ഉള്ളത്. വലതുകൈയില്‍ കാര്യമായി പരിക്കേറ്റിട്ടുമുണ്ട്.
നഹാസ് ഹിദായത്ത് ദുല്‍ഖറിനെ നായകനാക്കി സിനിമയൊരുക്കുന്നതായി ഏറെ മുന്‍പേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നത് ഇന്നലെ ആയിരുന്നു. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ ഇന്ന് വൈകിട്ട് പ്രഖ്യാപിക്കുമെന്ന് ദുല്‍ഖര്‍ അറിയിച്ചിരുന്നു. പിന്നാലെയാണ് ഇന്നത്തെ പ്രഖ്യാപനം. മലയാളത്തില്‍ ദുല്‍ഖര്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള സിനിമയായിരിക്കും ഇതെന്നാണ് സൂചന. കിംഗ് ഓഫ് കൊത്തയ്ക്ക് ശേഷം ദുല്‍ഖറിന്‍റേതായി മലയാളത്തില്‍ എത്തുന്ന സിനിമയായിരിക്കും ഇത്.
കൊത്തയ്ക്ക് ശേഷം മറുഭാഷകളില്‍ വലിയ വിജയങ്ങളുടെ ഭാഗമായിരുന്നെങ്കിലും മലയാളത്തിലേക്ക് ദുല്‍ഖര്‍ എത്തിയിരുന്നില്ല. ഈ കാലയളവില്‍ ലക്കി ഭാസ്കര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ദുല്‍ഖര്‍ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയം നേടിയിരുന്നു. പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം കല്‍ക്കി 2898 എഡിയില്‍ ഒരു പ്രധാന കഥാപാത്രത്തെയും അദ്ദേഹം അവതരിപ്പിച്ചിരുന്നു. ഐ ആം ഗെയിം കൂടാതെ തമിഴില്‍ നിന്ന് കാന്ത എന്ന ചിത്രവും ദുല്‍ഖറിന്‍റേതായി വരാനുണ്ട്. നഹാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ മലയാളത്തിലേക്ക് വന്‍ തിരിച്ചുവരവ് നടത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Content highlight: Dq new malayalam movie