Movie News

മാർക്കോ ടെലിവിഷനിലേക്കില്ല; ഒടിടി പ്രദർശനം തടയണമെന്നും ആവശ്യം | Marco movie

കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രങ്ങളിൽ ഒന്നാണ് മാര്‍ക്കോ

ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാർക്കോ സിനിമ ടെലിവിഷനിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിച്ച് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ്. സിനിമയുടെ ഒടിടി പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്തും അയച്ചിട്ടുണ്ട്. എ സർട്ടിഫിക്കറ്റ് ആയതു കൊണ്ടാണ് നടപടിയെന്നും മാർക്കോയ്ക്ക് തിയറ്റർ പ്രദർശനത്തിന് സർട്ടിഫിക്കറ്റ് നൽകേണ്ട എന്നായിരുന്നു കേരളത്തിലെ കമ്മിറ്റിയുടെ തീരുമാനമെന്നും വിശദീകരണം പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം മലയാളത്തിൽ റിലീസ് ചെയ്തതിൽ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രങ്ങളിൽ ഒന്നാണ് ഹനീഫ് അദേനി സംവിധാനം ചെയ്ത മാര്‍ക്കോ. ചിത്രം ഡിസംബർ 20നാണ് കേരളത്തിൽ റിലീസിനെത്തിയത്. ഇന്ത്യയിലെ ഏറ്റവും വയലന്‍സ് നിറഞ്ഞ ചിത്രമെന്ന ടാഗ്‌ലൈനോടുകൂടി തിയേറ്ററിലെത്തിയ ചിത്രം 100 കോടിയോളം കളക്ട് ചെയ്തിരുന്നു. ബോളിവുഡ് ചിത്രങ്ങളായ അനിമൽ, കിൽ തുടങ്ങിയ ചിത്രങ്ങൾക്ക് സമാനമായി എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരുന്നത്.

എന്നാല്‍ അടുത്തിടെ സിനിമയ്ക്കെതിരെ മന്ത്രി ഗണേഷ് കുമാർ അടക്കം രംഗത്തെത്തിയിരുന്നു. ഇത്തരം സിനിമകൾക്ക് പ്രദർശനം അനുവദിച്ച സെൻസർ ബോർഡിനെയും മന്ത്രി വിമർശിച്ചിരുന്നു. ചോര തെറിപ്പിക്കുന്നതിനെ ഹരം പിടിക്കുംവിധം അവതരിപ്പിക്കുന്നത് ശരിയല്ലെന്നായിരുന്നു ഗണേഷ് കുമാറിന്‍റെ വിമര്‍ശനം. സിനിമാ മേഖലയിലെ നിരവധി താരങ്ങളും ഇതിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

content highlight: Marco movie