സിനിമകളിലെ വയലൻസ് കണ്ട് സ്വാധീനിക്കപ്പെടുന്നുണ്ടെങ്കിൽ അതിലെ നന്മയും സ്വാധീനിക്കില്ലേ എന്ന ജഗദീഷിന്റെ പ്രസ്താവനയോട് വിയോജിപ്പ് പ്രകടമാക്കി സംവിധായകന്‍ എം.എ. നിഷാദ്. സിനിമയിലെ വയലൻസ് ആളുകളെ സ്വാധീനിക്കുമെന്നും വയലൻസ് കുത്തി നിറച്ച ഒരു സിനിമയുടെ ഭാഗമായത് കൊണ്ട് ജഗദീഷ് സിനിമകളിലെ വയലൻസിനെ വല്ലാതെ ന്യായീകരിക്കരുതെന്നും നിഷാദ് പറയുന്നു.
‘‘വിയോജിപ്പ്. അങ്ങയോടുളള എല്ലാ ബഹുമാനവും നില നിർത്തിക്കൊണ്ട് പറയട്ടെ. താങ്കളുടെ ഈ പ്രസ്താവനയോട് യോജിക്കാൻ കഴിയില്ല. വയലൻസ് കുത്തി നിറച്ച ഒരു സിനിമയുടെ ഭാഗമായത് കൊണ്ട് വല്ലാതെ ന്യായീകരിക്കരുത്. അത് ഒരുതരം അവസരവാദമല്ലെ എന്നാരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല. നല്ലതിനോട് ആഭിമുഖ്യമുളള ഒരു സമൂഹമായിരുന്നെങ്കിൽ ഇവിടെ നന്മമരങ്ങളാൽ സമൃദ്ധമായേനെ…തിന്മയോടുളള ആസക്തി. അതാണ് പൊതുവിൽ കണ്ട് വരുന്നത്. ഇത് ജഗദീഷിനും അറിവുളള കാര്യമാണെന്ന് വിശ്വസിക്കുന്നു…കാരണം താങ്കൾ ഒരു അധ്യാപകനും കൂടിയായിരുന്നല്ലൊ.
അങ്ങ് പഠിപ്പിച്ചിരുന്ന കാലത്തും, അങ്ങ് സിനിമയിൽ അഭിനയിച്ചു തുടങ്ങി ഒരു ഘട്ടം വരെയുളള കാലത്തെ കഥയല്ല ഇന്നിന്റേത്. കാലം മാറി…ഒട്ടും സുഖകരമല്ലാത്ത അവസ്ഥയാണ്
ഇന്നുളളത്…താങ്കൾക്ക് ഈ കെട്ട കാലത്തെ പറ്റി ഉത്തമബോധ്യമുളള വ്യക്തിയാണ്..അല്ലായെന്ന് വിശ്വസിക്കാൻ എനിക്ക് കഴിയില്ല. സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട് എന്നുളളതിന്റെ തെളിവാണ് സമീപ കാലത്തെ സംഭവവികാസങ്ങളിലൂടെ തെളിഞ്ഞിരിക്കുന്നത്. ഇതൊക്കെ സമൂഹത്തിൽ നടക്കുന്നതല്ലെ? എന്ന ചോദ്യത്തിന്റെ പ്രസക്തിയെ മറു ചോദ്യം കൊണ്ട് എനിക്ക് ഉത്തരം നൽകാം…ഒരു വാദ പ്രതിവാദത്തിനുളള അവസരമല്ലല്ലോ ഇത്.
അത്യന്തം ഗൗരവമുളള ഒരു വിഷയത്തെ കുറച്ചു കൂടി കാര്യ ഗൗരവത്തോടെ സമീപിക്കണമെന്നാണ് അങ്ങയോടുളള എന്റെ, അഭ്യർഥന. ഏതൊരു വ്യക്തിക്കും സാമൂഹിക പ്രതിബദ്ധത വേണം എന്ന അങ്ങയുടെ ഉപദേശത്തെ ഞാർ പൂർണ മനസ്സോടെ ഉൾക്കൊളളുന്നു. ധ്യാൻ ശ്രീനിവാസന്റെ സാമൂഹിക പ്രതിബദ്ധത അളക്കാൻ അങ്ങുപയോഗിച്ച അളവുകോൽ വച്ച് അങ്ങയുടെ പ്രതിബദ്ധത കൂടി ഒന്ന് അളന്നു വയ്ക്കുന്നത്, നന്നായിരിക്കും…
സമൂഹത്തിൽ നടമാടുന്ന അനിഷ്ട സംഭവങ്ങളിൽ മയക്കുമരുന്നിനും ലഹരിക്കുമുളള പങ്കു വളരെ വലുതാണ്…അത് പോലെ തന്നെയാണ് സിനിമയിൽ വർധിച്ചു വരുന്ന വയലൻസ് രംഗങ്ങളും, മയക്കു മരുന്നുപയോഗവും.. എതിർക്കപെടേണ്ടതിനെ ആ അർഥത്തിൽ തന്നെ എതിർക്കണം പ്രൊഫ: ജഗദീഷ്. അങ്ങയിലെ അധ്യാപകൻ ഉണരട്ടെ…
സിനിമകളിലെ വയലൻസ് പ്രേക്ഷകരെ സ്വാധീനിക്കുമോ ഇല്ലയോ എന്ന വിഷയത്തിൽ നടൻ ജഗദീഷ് നടത്തിയ പ്രതികരണമാണ് നിഷാദിന്റെ ആരോപണത്തിന് അടിസ്ഥാനം.
‘‘സിനിമയില്‍ നല്ല കാര്യങ്ങള്‍ എന്തെല്ലാം വരുന്നു. ലഗേ രഹോ മുന്ന ഭായ് എന്ന സിനിമ ഗാന്ധിയിസം സ്വീകരിക്കാനാണ് ആവശ്യപ്പെട്ടത്. അതില്‍ എത്രപേര്‍ സ്വീകരിക്കുന്നു? അപ്പോള്‍ തിന്മ കണ്ടാല്‍ മാത്രം ഇൻഫ്ലുവൻസ്ഡ് ആകും, നന്മ കണ്ടാല്‍ ഇൻഫ്ലുവൻസ്ഡ് ആകില്ല എന്ന് പറയാന്‍ കഴിയുമോ? പിന്നെ നടന്റെ കാര്യം, ഞാന്‍ അല്ല എന്റെ കഥാപാത്രമാണ് വയലന്‍സിന് കൂട്ട് നില്‍ക്കുന്നത്. ടോണി ഐസക് ആക്രമണത്തിന് കൂട്ട് നില്‍ക്കുന്നു. അപ്പോള്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നത് ടോണി ഐസക്കിനെ ആണോ അതോ ജഗദീഷിനെയാണോ?
ജഗദീഷിനെയാണ് ഇഷ്ടപെടുന്നതെങ്കില്‍ ജഗദീഷ് ഇതുവരെ വയലന്‍സിന് വേണ്ടി സംസാരിച്ചിട്ടില്ല. ഒരു സ്‌കൂളില്‍ പോയാലോ കോളേജില്‍ പോയാലോ സ്‌നേഹത്തിന്റെ സന്ദേശമാണ് ഞാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൊടുക്കാന്‍ ശ്രമിക്കുന്നത്. അപ്പോള്‍ ജഗദീഷ് കൊടുക്കുന്ന സന്ദേശം തിരസ്‌കരിച്ചിട്ട് ടോണി ഐസക് കൊടുക്കുന്ന സന്ദേശം സ്വീകരിക്കുന്ന പ്രേക്ഷകര്‍ തീര്‍ച്ചയായും ഒരു തര്‍ക്ക വിഷയം തന്നെയാണ്,’’–ഇതായിരുന്നു ജഗദീഷിന്റെ വാക്കുകൾ.
content highlight: M A Nishad