Celebrities

ആ പദവി ഇനി വേണ്ട, ലേഡി സൂപ്പര്‍സ്റ്റാര്‍ വിളി വേണ്ട: പ്രസ്താവനയിറക്കി നയൻ‌താര | nayanthara

നിങ്ങളില്‍ പലരും എന്നെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് സ്‌നേഹപൂര്‍വം വിളിച്ചിട്ടുണ്ട്

‘ലേഡി സൂപ്പര്‍സ്റ്റാര്‍’ എന്ന് ഇനി മുതല്‍ തന്നെ വിശേഷിപ്പിക്കരുതെന്ന് ആരാധകരോടും മാധ്യമങ്ങളോടും അഭ്യര്‍ഥിച്ച് നയന്‍താര. ആരാധകരുടെ തീവ്രമായ സ്‌നേഹത്തില്‍നിന്ന് പിറന്ന ഒരു പദവിയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നതെങ്കിലും നയന്‍താര എന്ന് വിളിക്കണമെന്ന് താരം അഭ്യര്‍ഥിച്ചു. നയന്‍താര എന്ന പേരാണ് ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നെന്നും എക്‌സില്‍ പങ്കുവച്ച പ്രസ്താവനയില്‍ താരം വ്യക്തമാക്കി.

‘നിങ്ങളില്‍ പലരും എന്നെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് സ്‌നേഹപൂര്‍വം വിളിച്ചിട്ടുണ്ട്. നിങ്ങളുടെ തീവ്രമായ സ്‌നേഹത്തില്‍നിന്ന് പിറന്ന ഒരു പദവിയാണത്. ഇത്രയും വിലപ്പെട്ട ഒരു പദവി നല്‍കി എന്നെ ആദരിച്ചതിന് ഞാന്‍ നിങ്ങളോട് എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. പക്ഷ, നിങ്ങളെല്ലാവരും എന്നെ നയന്‍താര എന്ന് വിളിക്കണമെന്ന് ഞാന്‍ താഴ്മയോടെ അഭ്യര്‍ഥിക്കുന്നു. കാരണം, ആ പേര് എന്റെ ഹൃദയത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്ന ഒന്നാണെന്ന് എനിക്ക് തോന്നുന്നു.’- നയന്‍താര പ്രസ്താവനയില്‍ പറഞ്ഞു.

നടി എന്ന നിലയില്‍ മാത്രമല്ല, ഒരു വ്യക്തി എന്ന നിലയിലും ഞാന്‍ ആരാണെന്ന് നയന്‍താര എന്ന പേര് പ്രതിനിധീകരിക്കുന്നുവെന്ന് അവര്‍ കുറിച്ചു. സ്ഥാനപ്പേരുകളും അംഗീകാരങ്ങളും വിലമതിക്കാനാവാത്തതാണ്. പക്ഷേ അവ ചിലപ്പോള്‍ നമ്മുടെ ജോലിയില്‍ നിന്നും കലയില്‍നിന്നും പ്രേക്ഷകരുമായി നമ്മള്‍ പങ്കിടുന്ന ബന്ധത്തില്‍ നിന്നും നമ്മെ വേര്‍തിരിക്കുന്ന ഒരു ഇമേജ് സൃഷ്ടിച്ചേക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

content highlight: nayanthara-urges-fans-to-call-her-nayanthara-and-not-lady-superstar