കേരളത്തിൽ ഓരോ ദിനവും വർദ്ധിച്ചു വരുന്ന അതിക്രമങ്ങളെ കുറിച്ചുള്ള വാർത്തകൾ കേട്ട് അമ്പരപ്പിലാണ് കേരള ജനത. സിനിമയിലെ രംഗങ്ങൾ കണ്ടും കേട്ടുമാണ് കുട്ടികളിലും യുവാക്കളിലും ഇത്തരം അക്രമവാസനകൾ വരാൻ കാരണമെന്ന ചർച്ചകളും സജീവമാണ്. ഈ അവസരത്തിൽ തന്റെയൊരു സിനിമ ഒടിടിയിൽ റിലീസ് ചെയ്യുന്നുവെന്ന് അറിയിച്ച് സംവിധായകൻ ഒമർ ലുലു പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
ബാഡ് ബോയ്സ് എന്ന ചിത്രമാണ് ഒടിടിയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നുവെന്ന് ഒമർ ലുലു അറിയിച്ചത്. ‘ഒരു നാടിനെ ലഹരി വിമുക്തമാക്കിയ കഥ പറയുന്ന ബാഡ് ബോയ്സ് ഉടൻ ഒടിടിയിൽ’, എന്നായിരുന്നു ഒമറിന്റെ പോസ്റ്റ്. ഒപ്പം #saynotodrugs എന്ന ഹാഷ്ടാഗും ഉണ്ട്. ‘ഈ നാടിനെ ലഹരിയെന്ന വിപത്തിൽ നിന്ന് രക്ഷിച്ച് നമ്മുക്ക് ഒരു Drug free Society ഉണ്ടാക്കണം’, എന്നു ട്രെയിലർ പങ്കിട്ട് ഒമർ കുറിച്ചു.
റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു ഏബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അവതരിപ്പിച്ച ചിത്രമാണ് ബാഡ് ബോയ്സ്. തീർത്തും കോമഡി ഫൺ എന്റർടെയ്നറായ ചിത്രം അബാം മൂവീസിന്‍റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് നിർമ്മിച്ചത്. ബാബു ആന്റണി, ബിബിൻ ജോര്‍ജ്, അജു വർഗീസ്, ആൻസൺ പോൾ, സെന്തിൽ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകൻ, രമേഷ് പിഷാരടി, ശരത് സഭ, രവീന്ദ്രൻ, മല്ലിക സുകുമാരൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.
അഡാർ ലൗ എന്ന ഒമർ ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് സാരംഗ് ജയപ്രകാശ് ആണ് ഈ ചിത്രത്തിന്‍റെയും തിരക്കഥ ഒരുക്കിയത്. ഒമർ തന്നെയാണ് കഥ ഒരുക്കിയത്. ജോസഫ് നെല്ലിക്കൽ കലാസംവിധാനം നിർവഹിച്ച ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിച്ചത് ആൽബിയാണ്.
content highlight: omar-lulu-movie-bad-boyz-ott-release