Movie News

കുമ്പളങ്ങി നൈറ്റ്സ് വീണ്ടും തിയറ്ററുകളിലേക്ക്; റീ റിലീസിനൊരുങ്ങുന്നു | Kumbalangi Nights

മാർച്ച് ഏഴിന് പിവിആർ ഐനോക്സ് സ്‌ക്രീനുകളിൽ കുമ്പളങ്ങി നൈറ്റ്സ് റീ റിലീസ് ചെയ്യും

മികച്ച അഭിപ്രായത്തിനൊപ്പം ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. മധു സി നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിന് കേരളത്തിന് പുറത്തും ഏറെ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഷെയിൻ നിഗം, ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, അന്ന ബെൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ കുമ്പളങ്ങി നൈറ്റ്സ് മലയാളത്തിലെ മികച്ച ചിത്രങ്ങളിൽ ഒന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇപ്പോഴിതാ ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.

മാർച്ച് ഏഴിന് പിവിആർ ഐനോക്സ് സ്‌ക്രീനുകളിൽ കുമ്പളങ്ങി നൈറ്റ്സ് റീ റിലീസ് ചെയ്യും. തിയേറ്ററിന്റെ ഒഫീഷ്യൽ പേജിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. ഇതിന് മുൻപ് ദുൽഖർ സൽമാൻ പ്രധാന വിഷത്തിൽ എത്തിയ ഉസ്താദ് ഹോട്ടൽ റീ റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമായിരുന്നു സിനിമയ്ക്ക് റീ റിലീസിൽ ലഭിച്ചത്.

ശ്യാം പുഷ്‌കരന്റെ രചനയില്‍ ഒരുങ്ങിയ കുമ്പളങ്ങി നൈറ്റ്‌സ് വര്‍ക്കിംഗ് ക്ലാസ് ഹീറോയുടെ ബാനറില്‍ ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്ന നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. ഷൈജു ഖാലിദ് ക്യാമറയും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിർവഹിച്ചു. ചിത്രത്തിലെ ഗാനങ്ങളെല്ലാം വലിയ ശ്രദ്ധയാണ് നേടിയത്. ചിത്രത്തിൽ ഷമ്മി എന്ന കഥാപാത്രമായുള്ള ഫഹദ് ഫാസിലിന്റെ പ്രകടനം ഏറെ കയ്യടികൾ നേടിയിരുന്നു. ബോളിവുഡ് നടി അനുഷ്ക ശർമ ഉൾപ്പെടെ നിരവധി പേർ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

content highlight: Kumbalangi Nights