സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസം പുറത്തിറക്കിയ താരിഫ് പരിഷ്‌ക്കരണ ഉത്തരവ് പ്രകാരം ചരിത്രത്തില്‍ ആദ്യമായി പകല്‍ സമയം വൈദ്യുതി നിരക്ക് കുറയ്ക്കുന്നതിനുള്ള തീരുമാനവും ഉണ്ടായിരുന്നുവെന്നും ഇതിന് വേണ്ടത്ര മാധ്യമശ്രദ്ധ ലഭിച്ചിട്ടില്ലെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി അഭിപ്രായപ്പെട്ടു. 250 യൂണിറ്റിനു മുകളില്‍ ഉപഭോഗമുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ടൈം ഓഫ് ഡേ ബില്ലിംഗ് സമ്പ്രദായം ഏര്‍പ്പെടുത്താന്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു.
ഇത്തരക്കാര്‍ക്ക് പകല്‍ സമയത്തെ വൈദ്യുതി ചാര്‍ജ്ജില്‍ 10 ശതമാനം ഇളവ് നല്‍കാനും തീരുമാനമായി. വീടിനോടു ചേര്‍ന്ന് ചെറുവാണിജ്യ വ്യവസായ സംരംഭങ്ങള്‍ (നാനോ യൂണിറ്റ്) നടത്തുന്ന വീട്ടമ്മമാര്‍ക്കുള്‍പ്പെടെ പകല്‍ സമയത്ത് വൈദ്യുതി നിരക്ക് കുറയുന്നത് വലിയ സഹായമായിരിക്കും. 5 ലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ ലോ ടെന്‍ഷന്‍ വ്യാവസായിക ഉപഭോക്താക്കള്‍ക്ക് പകല്‍ സമയത്ത് വൈദ്യുതി ചാര്‍ജ്ജില്‍ 10 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്.
ഈ വിഭാഗം ഉപഭോക്താക്കള്‍ക്ക് താരിഫില്‍ ചെറിയ വര്‍ദ്ധനവ് ഉണ്ടാകുമെങ്കിലും, പകല്‍ സമയത്തെ നിരക്കില്‍ ഇളവ് അനുവദിച്ചിട്ടുള്ളതിനാല്‍ പ്രതിമാസ വൈദ്യുതി ചാര്‍ജ്ജില്‍ കുറവ് വരുമെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ഫെബ്രുവരി മാസം വൈദ്യുതി ചാര്‍ജ്ജിലുണ്ടായ കുറവും വേണ്ടത്ര ചര്‍ച്ച ആയില്ല. ജനുവരി 31 വരെ സ്വമേധയാ പിരിക്കുന്ന 10 പൈസ ഇന്ധന സര്‍ചാര്‍ജ്ജും 9 പൈസ നിരക്കില്‍ കമ്മീഷന്‍ അംഗീകരിക്കുന്ന ഇന്ധന സര്‍ചാര്‍ജ്ജും ചേര്‍ത്ത് 19 പൈസ ഇന്ധന സര്‍ചാര്‍ജ്ജ് നിലവില്‍ ഉണ്ടായിരുന്നത്
ഫെബ്രുവരി 2025ല്‍ 19 പൈസയില്‍ നിന്നും 10 പൈസയായി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം മുതല്‍ വൈദ്യുതി ബില്‍ വീണ്ടും കുറയുന്നുണ്ട്. ഇന്ധന സര്‍ചാര്‍ജ്ജിന്റെ നിരക്ക് കുറയുന്നതിലൂടെയാണ് ഉപഭോക്താക്കള്‍ക്ക് ബില്ലില്‍ ആശ്വാസം ലഭിക്കുക. പ്രതിമാസ ബില്ലിംഗ് ഉള്ള ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് ആറ് പൈസയും, രണ്ട് മാസത്തിലൊരിക്കല്‍ ബില്ലിംഗ് ഉള്ളവര്‍ക്ക് യൂണിറ്റിന് എട്ട് പൈസയും ആയിരിക്കും പുതിയ ഇന്ധന സര്‍ചാര്‍ജ്ജെന്നും മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു.
ആലപ്പുഴ എസ്.എല്‍.പുരം ഇലക്ട്രിക്കല്‍ സെക്ഷന്‍, സബ് ഡിവിഷന്‍ ഓഫീസുകളുടെ പുതിയ മന്ദിര ഉദ്ഘാടനം ഓണ്‍ലൈനായി മന്ത്രി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ചീഫ് എന്‍ജിനീയര്‍ പ്രസാദ് വി.എന്‍. സ്വാഗതം ആശംസിച്ചു. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദര്‍ശനാഭായ് കെ., ആലപ്പുഴ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ സ്മിത മാത്യു, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തംഗം അളപ്പന്‍തറ രവീന്ദ്രന്‍, ചേര്‍ത്തല എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മായ എസ്. നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
CONTENT HIGH LIGHTS: Time of Day Billing: Power Minister K. Krishnankutty