ബോളിവുഡില്‍ ഏറ്റവും ആരാധകരുള്ള സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് സല്‍മാന്‍ ഖാന്‍. ഉത്തരേന്ത്യന്‍ സിംഗിള്‍ സ്ക്രീനുകളില്‍ ഷാരൂഖ് ഖാനൊപ്പം ഏറ്റവും സ്വാധീനശേഷിയുള്ള താരവും. തന്‍റെ താരമൂല്യത്തിന് ചേരുന്ന മട്ടിലുള്ള ഒരു വിജയം സമീപകാലത്ത് അദ്ദേഹത്തിന് ഉണ്ടായിട്ടില്ല. എന്നാലും സല്‍മാന്‍ ഖാന്‍ എന്ന താരത്തിലുള്ള പ്രതീക്ഷ ബോളിവുഡ് കൈവിട്ടിട്ടില്ല. അദ്ദേഹത്തിന്‍റെ വരാനിരിക്കുന്ന ചിത്രം സിക്കന്ദര്‍ റിലീസിന് മുന്‍പ്, വിവിധ റൈറ്റ്സുകള്‍ വിറ്റ വകയില്‍ നേടിയ തുക ഇതിന് ഉദാഹരണമാണ്. എ ആര്‍ മുരുഗദോസ് ആണ് ചിത്രത്തിന്‍റെ സംവിധായകന്‍.
180 കോടി നിര്‍മ്മാണച്ചെലവ് ഉള്ള സിനിമയാണ് ഇത്. സല്‍മാന്‍ ഖാന്‍റെ പ്രതിഫലം ഉള്‍പ്പെടെയുള്ള തുകയാണ് ഇത്. പബ്ലിസിറ്റിക്ക് 20 കോടിയോളമാണ് നിര്‍മ്മാതാവ് നീക്കിവച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് കൂടി ചേര്‍ത്താല്‍ ചിത്രത്തിന്‍റെ ആകെ ബജറ്റ് 200 കോടി. എന്നാല്‍ റിലീസിന് മുന്‍പ് തന്നെ സല്‍മാന്‍ ഖാന്‍റെ താരപദവി നിര്‍മ്മാതാവിനെ സേഫ് ആക്കിയിട്ടുണ്ട്. ചിത്രത്തിന്‍റെ (പോസ്റ്റ് തിയട്രിക്കല്‍) ഒടിടി റൈറ്റ്സ് പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിന് ആണ്. 85 കോടിയാണ് നെറ്റ്ഫ്ലിക്സുമായുള്ള കരാറിലൂടെ നിര്‍മ്മാതാവിന് ലഭിക്കുക.
എന്നാല്‍ ചിത്രം വന്‍ വിജയമായാല്‍ ഈ തുക വ്യത്യാസപ്പെടാം. അതായത് ചിത്രം ബോക്സ് ഓഫീസില്‍ 350 കോടിയിലേറെ നേടിയാല്‍ 85 കോടിയുടെ സ്ഥാനത്ത് നെറ്റ്ഫ്ലിക്സ് 100 കോടി വരെ നല്‍കും. ചിത്രത്തിന്‍റെ സാറ്റലൈറ്റ് റൈറ്റ് സീ ചാനലിലാണ്. 50 കോടിയാണ് സീ നല്‍കുന്നത്. ചിത്രത്തിന്‍റെ മ്യൂസിക് റൈറ്റ്സ് സീ മ്യൂസിക് കമ്പനിക്കാണ്. 30 കോടിയാണ് ഈ ഇനത്തില്‍ ലഭിക്കുക.
എല്ലാം ചേര്‍ത്ത് നിലവില്‍ 165 കോടി, പടം 350 കോടിയിലേറെ ബോക്സ് ഓഫീസില്‍ നേടിയാല്‍ 180 കോടിയോളവും റൈറ്റ്സ് ഇനത്തില്‍ ചിത്രത്തിന് ലഭിക്കും. അതായത് റിലീസിന് മുന്‍പുതന്നെ ബജറ്റിന്‍റെ 80 ശതമാനവും ചിത്രം തിരിച്ചുപിടിച്ചിരിക്കുകയാണ്. റിലീസ് സമയത്ത് നിര്‍മ്മാതാവിന് കാര്യമായ റിസ്ക് ഇല്ല എന്നുവേണം പറയാന്‍. മാര്‍ച്ച് 28 നാണ് ചിത്രത്തിന്‍റെ റിലീസ്.
content highlight: Sikandar movie