Movie News

കെട്ടുറപ്പുള്ള തിരക്കഥയും വൈകാരിക നിമിഷങ്ങളുമായി നിറഞ്ഞാടിയ ‘പൊൻമാൻ’ ഒടിടിയിലേക്ക്

തിയറ്റർ റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴാണ് പൊൻമാൻ ഒടിടിയിൽ എത്തുന്നത്

ഈ വര്‍ഷത്തെ തുടക്കത്തിലെ മലയാള സിനിമയിലെ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നായി ചേര്‍ത്ത് വയ്ക്കാവുന്ന സൃഷ്ടിയാണ് പൊന്‍മാന്‍. സാങ്കേതികമായും രചനപരമായും മികച്ചൊരു അനുഭവം തന്നെ ചിത്രം നല്‍കുന്നു. ജി ആർ ഇന്ദുഗോപന്‍റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം, നോവല്‍ വായിച്ചവരെ ഒരിക്കലും നിരാശപ്പെടുത്തുന്നില്ല. അതേ സമയം ചലച്ചിത്ര രൂപമായി മാത്രം ചിത്രത്തെ സമീപിക്കുന്നവര്‍ക്ക് തീര്‍ത്തും സര്‍പ്രൈസായ ഒരു അനുഭവം ‘പൊൻമാൻ’ നല്‍കുന്നു. സാധാരണക്കാർ അടക്കമുള്ളവർ നേരിടുന്ന സ്ത്രീധന പ്രശ്നം എന്ന പ്രസ്കതമായ വിഷയത്തെ അതിന്റെ ഗൗരവം ഒട്ടും ചോരാതെ അതേ സമയം ലളിതമായി അവതരിപ്പിക്കാൻ അണിയറക്കാർക്ക് കഴിഞ്ഞു എന്നതാണ് ഈ സിനിമയുടെ വിജയം.

പ്രേക്ഷക- നിരൂപക പ്രശംസയ്ക്ക് ഒപ്പം തമിഴകത്ത് നിന്നുവരെ പ്രശംസ ഏറ്റുവാങ്ങിയ പൊൻമാന്റെ ഒടിടി റിലീസ് സംബന്ധിച്ച വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രം മാർച്ച് 14ന് ഒടിടിയിൽ സ്ട്രീമിം​ഗ് ചെയ്യുമെന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. ജിയോ ഹോർട് സ്റ്റാറിനാണ് സ്ട്രീമിം​ഗ് അവകാശം വിറ്റു പോയിരിക്കുന്നത്. തിയറ്റർ റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴാണ് പൊൻമാൻ ഒടിടിയിൽ എത്തുന്നത്. മലയാളത്തിനൊപ്പം മറ്റ് പ്രധാന ഭാഷകളിലും പൊൻമാൻ പ്രേക്ഷകർക്ക് കാണാനാകും.

content highlight : actor-basil-joseph-movie-ponman-ott-release