Celebrities

പാട്ടുകാരനാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല; തുറന്ന് പറഞ്ഞ് ​ഗായകൻ ജാസി ​ഗിഫ്റ്റ് | Jassie gift

ഫോര്‍ ദ് പീപ്പിള്‍ എന്ന ജയരാജ് സിനിമയ്ക്ക് വേണ്ടി ജാസി ഗിഫ്റ്റ് ഈണമിട്ട ഗാനം കേരളക്കരയെ മൊത്തം ഇളക്കി മറിച്ചിരുന്നു

തികച്ചും അപ്രതീക്ഷതിമായി പാടിയ പാട്ടാണ് ‘ലജ്ജാവതിയെ’ എന്ന് സം​ഗീത സംവിധായകനും ​ഗായകനുമായ ജാസി ​ഗിഫ്റ്റ്. കാർത്തിക്കിനേ കൊണ്ടാണ് ആദ്യം പാടിച്ചതെന്നും ജാസി ​ഗിഫ്റ്റ് പറഞ്ഞു.

“21 വർഷമായി ഇതൊരു പ്രൊഫനാക്കിയിട്ട്. ഇതെന്റെയൊരു വീണ്ടെടുക്കൽ ഘട്ടം കൂടിയാണ്. വീണ്ടും ഒരുപാട് ഷോകളിലൊക്കെ പങ്കെടുക്കാൻ പറ്റി. സം​ഗീതജ്ഞനെന്ന നിലയിൽ സ്വപ്നം കണ്ടിരുന്ന എല്ലാവർക്കുമൊപ്പം വർക്ക് ചെയ്യാൻ പറ്റി. പ്രതീക്ഷിക്കാത്ത ഒരുപാട് സ്ഥലങ്ങളിൽ യാത്ര ചെയ്യാനും വർക്ക് ചെയ്യാനും പറ്റി. പ്രത്യേകിച്ച് ഇഷ്ടപ്പെട്ട പല സംഗീതജ്ഞർക്കൊപ്പവും സ‌മയം ചെലവഴിക്കാൻ പറ്റി.

പാടിക്കാനും പാടാനും പറ്റി. അത് വലിയൊരു പോസിറ്റീവാണ്. ഒരു പാട്ടുകാരനാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ പാട്ടുകാരനെന്ന ലേബൽ മറ്റ് ഭാഷകളിലൊക്കെ കിട്ടി. അതൊക്കെ വളരെ അപ്രതീക്ഷിതമായി സംഭവിച്ച കാര്യങ്ങളാണ്. ഈ ഒരു വളർച്ച ഒരു വിജയമായി തന്നെയാണ് ഞാൻ‌ കാണുന്നത്. ഞാൻ ആദ്യം പാടുന്നത് ‘ലജ്ജാവതിയെ’ എന്ന പാട്ടാണ്.
കാർത്തിക്കിനെ കൊണ്ട് ആദ്യം ‘ലജ്ജാവതി’യും ‘അന്നക്കിളി’യും പാടിച്ചു. അദ്ദേഹത്തിന് അന്ന് രാത്രി മലേഷ്യയിലേക്ക് പോകണമായിരുന്നു. അതുകൊണ്ട് ഞങ്ങൾ അന്നത്തെ റെക്കോർഡിങ് എല്ലാം ക്യാൻസൽ ചെയ്തു. അദ്ദേഹം തിരിച്ച് വരുന്നതുവരെ കാത്തിരുന്നു. പക്ഷേ ആ സിനിമയുടെ ഷൂട്ടങിന്റെ സമയത്ത് ആ പാട്ട് വേണ്ടി വന്നു. അങ്ങനെയാണ് ആ പാട്ട് ഞാൻ പാടുന്നത്.

അതിന്റെ ട്രാക്കും ഞാൻ തന്നെയായിരുന്നു പാടിയത്. ട്രാക്ക് ഷൂട്ടിങ് സ്പോട്ടിൽ പ്ലേ ചെയ്തിരുന്നു. ഭരതും അതുപോലെ കാമറാമാൻ ആർഡി രാജശേഖർ, ആന്റണി എന്നിവരാണ് ഷൂട്ടിന്റെ സമയത്ത് ഈ വോയ്സ് വേണമെന്ന് കൂടുതലും നിർബന്ധം പിടിച്ചത്. പാട്ട് ചെയ്തപ്പോൾ വിമർശനങ്ങൾ വരുമെന്ന കാര്യം ഉറപ്പായിരുന്നു. പിന്നെ ജയരാജ് സാറിന്റെ സിനിമയിലെ പാട്ടുകളെല്ലാം വളരെ ഹിറ്റാണ്.

പാട്ടുകൾ‌ ഒരളവിൽ ശ്രദ്ധിക്കപ്പെടുമെന്ന് അറിയാമായിരുന്നു. പക്ഷേ ഇത്രയും ഹിറ്റാകുമെന്ന് വിചാരിച്ചില്ല, പ്രത്യേകിച്ച് മറ്റു ഭാഷകളിൽ ഹിറ്റാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചിട്ടില്ല. പാട്ടു കേട്ടപ്പോൾ സ്റ്റുഡിയോയിലുണ്ടായിരുന്നവർക്കെല്ലാം പോസിറ്റീവ് പ്രതികരണമായിരുന്നു. പിന്നെ ഇതെങ്ങനെ പുറത്തേക്ക് വരും എന്നതിനേപ്പറ്റി പലർക്കും സംശയമുണ്ടായിരുന്നു. അതുകൊണ്ട് കുറച്ചു നാളത്തേക്ക് ഓഡിയോ പുറത്തുവിട്ടില്ല.- ജാസി ​ഗിഫ്റ്റ് പറഞ്ഞു.

content highlight: Jassie gift