മലയാള സിനിമകള്‍ കോടി ക്ലബ്ബുകളില്‍ കയറുന്നുവെന്ന അവകാശവാദങ്ങള്‍ പലപ്പോഴും വസ്തുതാവിരുദ്ധമാണെന്ന് നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍ സമീപകാലത്ത് പറഞ്ഞത് സിനിമാ മേഖലയില്‍ വലിയ ചര്‍ച്ചയായിരുന്നു. അതിനെ എതിര്‍ത്തും അനുകൂലിച്ചും പ്രേക്ഷകര്‍ക്കിടയിലും ചര്‍ച്ചകള്‍ നടന്നു. താന്‍ നിര്‍മ്മിച്ച മാമാങ്കം എന്ന ചിത്രം 135 കോടി നേടിയതായി പോസ്റ്റര്‍ ഇറക്കാനുണ്ടായ സാഹചര്യം നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി അടുത്തിടെ പറഞ്ഞിരുന്നു. താന്‍ നിര്‍മ്മിച്ച മറ്റൊരു ചിത്രത്തിന്‍റെ യഥാര്‍ഥ കളക്ഷന്‍ കണക്കും അദ്ദേഹം പങ്കുവച്ചിരിക്കുകയാണ്. ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത മാളികപ്പുറം എന്ന ചിത്രത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്.
ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സമയത്ത് അത് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായി ഒഫിഷ്യല്‍ പോസ്റ്റര്‍ ഇറങ്ങിയിരുന്നു. ഉണ്ണി മുകുന്ദന്‍റെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമെന്ന നിലയിലാണ് ആ സമയത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ മാളികപ്പുറം 100 കോടി നേടിയിട്ടില്ലെന്ന് പറയുന്നു നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി. മാളികപ്പുറം കളക്ഷനെക്കുറിച്ചുള്ള ചോദ്യത്തിന് ജിഞ്ചര്‍ മീഡിയ എന്‍റര്‍ടെയ്ന്‍മെന്‍റ്സിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത് ഇങ്ങനെ- നൂറ് കോടി ഒന്നും വന്നില്ല. 75 കോടിയാണ് ലഭിച്ചത്.
അതേസമയം തന്‍റെ തന്നെ നിര്‍മ്മാണത്തില്‍ എത്തിയ 2018 എന്ന ചിത്രത്തിന്‍റെ നേട്ടവും ഇതേ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നുണ്ട്- 2018 ന് തിയറ്റര്‍ കളക്ഷനും ഒടിടിയും സാറ്റലൈറ്റും എല്ലാം ചേര്‍ന്ന് ആകെ ബിസിനസ് 200 കോടിക്ക് മുകളില്‍ ഉണ്ടായിരുന്നു. അന്നൊക്കെ ഒടിടി, സാറ്റലൈറ്റ് റൈറ്റുകള്‍ക്ക് നല്ല ഡിമാന്‍ഡ് ഉണ്ടായിരുന്നു, വേണു കുന്നപ്പിള്ളി പറയുന്നു. മലയാള സിനിമയുടെ കോടി ക്ലബ്ബുകളെക്കുറിച്ച് സുരേഷ് കുമാര്‍ പറഞ്ഞത് സത്യമായിട്ടുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
content highlight: not-100-crore-producer-venu-kunnappilly-reveals