തൃശൂര്‍: വില്ലനില്‍ നിന്ന് ബാലു ഓടികയറിയത് നായക പരിവേഷത്തിലേക്ക്. ഗുരുവായൂര്‍ ക്ഷേത്രം ഉത്സവം കഴിയുന്നതുവരെ ഇനി ‘ബാലു’വാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ താരം. ആനയോട്ടത്തിലെ ജേതാവ് ബാലുവിന് ഉത്സവനാളുകളില്‍ ക്ഷേത്രത്തില്‍ വിഐപി. പരിഗണനയാണ് ലഭിക്കുക. 1999 ജൂലൈ 16ന് ഒരുമനയൂര്‍ സ്വദേശി വി.എസ്. ബാലകൃഷ്ണനാണ് ബാലുവിനെ ഗുരുവായൂരപ്പന് മുന്നില്‍ നടയിരുത്തിയത്. ഗുരുവായൂരിലെത്തിയ സമയത്ത് വില്ലന്മാരുടെ പട്ടികയിലായിരുന്നെങ്കിലും ഇപ്പോള്‍ നായക സ്ഥാനത്താണ് ബാലുവുള്ളത്. ആദ്യകാലത്ത് മെരുങ്ങാൻ കൂട്ടാക്കാതിരുന്ന ബാലുവിന്ന് അനുസരണയുള്ള കൊമ്പനാണ്. അതുകൊണ്ടുതന്നെ ഉത്സവങ്ങളില്‍ സ്ഥിര സാന്നിധ്യവുമാണ് ബാലു.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ എഴുന്നള്ളിപ്പ് ചിട്ടവട്ടങ്ങള്‍ മനപ്പാഠമാക്കിയ ബാലു ആനത്താവളത്തിലെ കെട്ടുംതറിയില്‍നിന്ന് അഴിച്ചാല്‍ ഇടവും വലവും നോക്കാതെ നേരെ ക്ഷേത്രത്തിലെത്തും. നെറ്റിപ്പട്ടം കെട്ടിയാല്‍ ചെവികളാട്ടി അനുസരണയുള്ള ബാലനാകും ഈ 46 കാരന്‍. ഇക്കാലത്തിനിടയില്‍ ആനയോട്ടത്തില്‍ ഓടാന്‍ അവസരം കിട്ടിയിട്ടില്ല. കിട്ടിയപ്പോഴാകട്ടെ ഒന്നാമനുമായി. ആനയോട്ടത്തില്‍ പങ്കെടുപ്പിക്കാനായി വിദഗ്ധ സമിതി തെരഞ്ഞെടുത്ത 10 ആനകളില്‍ ഇടം പിടിച്ചെങ്കിലും ബാലു ഓട്ടത്തില്‍ പങ്കെടുക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.
ആനയോട്ടം തുടങ്ങാനായി മാരാര്‍ ശംഖ് മുഴക്കിയപ്പോള്‍ ആദ്യം കുതിച്ചത് ബാലുവാണ്. തൊട്ടു പിറകെ ചെന്താമരാക്ഷനും. നേരത്തെ ജേതാവായിട്ടുള്ള ചെന്താമരാക്ഷന്‍ ജി.യു. പി. സ്‌കൂള്‍ എത്തും മുമ്പേ ബാലുവിനെ മറികടന്ന് ഏറെ ദൂരം മുന്നിട്ടു. ബാലുവും വിട്ടുകൊടുത്തില്ല. നടപ്പുരയെത്തും മുമ്പേ ഇരു കൊമ്പന്‍മാരും ഒപ്പത്തിനൊപ്പമെത്തി. കല്യാണമണ്ഡപം എത്താറാവുമ്പോഴേക്കും ബാലു മുന്നില്‍ കയറി. ഗോപുരം കടന്ന് നേരെ അകത്തേക്ക്. പാരമ്പര്യ അവകാശി ചൊവ്വല്ലൂര്‍ നാരായണ വാര്യര്‍ കൊടിമരത്തിന് സമീപം നിറപറയും നിലവിളക്കും ഒരുക്കി ബാലുവിനെ സ്വീകരിച്ചു. ആചാരപ്രകാരമുള്ള ഏഴു പ്രദക്ഷിണം പൂര്‍ത്തിയാക്കി ക്ഷേത്രത്തിനകത്ത് സ്ഥാനമുറപ്പിച്ചു.
ഇനി ഉത്സവം കഴിയുന്നതുവരെ ക്ഷേത്രത്തില്‍ പ്രത്യേക പരിഗണനയാണ് ബാലുവിന് ലഭിക്കുക. തീറ്റയും ഉറക്കവും എല്ലാം ക്ഷേത്രത്തില്‍ തന്നെ. ദേവസത്തിലെ മറ്റു ആനകളാണ് പട്ടയും മറ്റും എത്തിച്ചു നല്‍കുക. ഉത്സവം കഴിയും വരെ ക്ഷേത്രത്തില്‍ തിടമ്പേറ്റുക ആനയോട്ടത്തിലെ വിജയിയുടെ അവകാശമാണ്. മലപ്പുറം പാണ്ടിക്കാട് സ്വദേശി ജ്യോതിപ്രകാശാണ് ബാലുവിന്റെ ചട്ടക്കാരന്‍. കായംകുളം സ്വദേശിയായ രണ്ടാം പാപ്പാന്‍ എം. ബാബുവാണ് ആനയോട്ട സമയത്ത് മുകളിലിരുന്ന് ബാലുവിനെ നിയന്ത്രിച്ചത്.
content highlight : guruvayur-balu-gets-heroic-role-from-a-villain-shade