പുഷ്പ 2 വിന്റെ വൻ വിജയത്തിന് ശേഷം അല്ലു അർജുന്റെ അടുത്ത ചിത്രം ഏതായിരിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ. ഇപ്പോഴിതാ ‘കെജിഎഫ്’ സംവിധായകൻ പ്രശാന്ത് നീലിനൊപ്പം അല്ലു കൂടിക്കാഴ്ച നടത്തിയതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ദിൽ രാജുവിനൊപ്പം ഒരു സിനിമ ചെയ്യാമെന്ന് സമ്മതിച്ചിരുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ്, ഈ പ്രോജക്റ്റുമായി ബന്ധപ്പെട്ട് ദിൽ രാജു അദ്ദേഹത്തെ സമീപിച്ചുവെന്നും മികച്ച ഒരു സംവിധായകനുണ്ടെങ്കിൽ താൻ തയ്യാറാണെന്ന് നടൻ പറഞ്ഞുവെന്നുമാണ് വിവരം. തുടർന്ന് ദിൽ രാജു പ്രശാന്ത് നീലും അല്ലു അർജുനും തമ്മിൽ ഒരു കൂടിക്കാഴ്‌ച നടത്തിയെന്നും പ്രശാന്ത് നീൽ പറഞ്ഞ ആശയം നടന് ഇഷ്ടമായതായും സൂചനയുണ്ട്.
സംവിധായകൻ അറ്റ്ലീക്കൊപ്പമായിരിക്കും നടന്റെ അടുത്ത ചിത്രം എന്ന് റിപ്പോർട്ടുകളുണ്ട്. ത്രിവിക്രം ശ്രീനിവാസിനൊപ്പം അല്ലു ഒരു സിനിമയ്ക്കായി ചെയ്യാനൊരുങ്ങുന്നതായും വാർത്തകൾ വന്നിരുന്നു.
പ്രശാന്ത് നീൽ ഇപ്പോൾ ജൂനിയർ എൻടിആറിനൊപ്പം സിനിമ ചെയ്യുന്നതിന്റെ തിരക്കുകളിലാണ്. സിനിമയിൽ ബോളിവുഡ് താരം ബോബി ഡിയോൾ വില്ലനായെത്തുമെന്ന റിപ്പോർട്ടുകളുണ്ട്. ചിത്രത്തിൽ രശ്മിക മന്ദാന നായികയാകുമെന്നും റിപ്പോർട്ടുകളുണ്ട്. ഡ്രാഗൺ എന്നാണ് സിനിമയുടെ പേരെന്നും റിപ്പോർട്ടുകളുണ്ട്.
പ്രഭാസിനെ നായകനാക്കി ഒരുക്കിയ സലാർ പാർട്ട് 1 ആണ് പ്രശാന്ത് നീലിന്റേതായി അവസാനമിറങ്ങിയ സിനിമ.