Beauty Tips

40ന് ശേഷമുള്ള മുടി കൊഴിച്ചിൽ നിസ്സാരമായി കാണരുത് !

മുടി കൊഴിച്ചിൽ എന്നത് പ്രായഭേദമില്ലാതെ എല്ലാവരും ഒരേപോലെ നേരിടുന്ന പ്രശ്നമാണെങ്കിലും 40 കഴിഞ്ഞവർ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. കാരണം ഒരു പ്രായം കഴിഞ്ഞാൽ ബേബി ഹെയർ വളരുന്നത് സ്വാഭാവികമായും കുറഞ്ഞുവരും.

അതുകൊണ്ട് തന്നെ മുടി കൊഴിച്ചിൽ കാര്യമായി തടഞ്ഞില്ലെങ്കിൽ പണി പിന്നാലെ വരും. എന്ന് കരുതി വിലയേറിയ പ്രൊഡക്ടുകൾ ഉപയോഗിച്ച് ഉള്ള മുടി നശിപ്പിക്കാനും പാടില്ല. ചെറിയ ചില കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയാൽ മാത്രം മതി, നിങ്ങളുടെ മുടി കൊഴിച്ചിൽ തനിയെ മാറുന്നത് കാണാം.

മുടിക്ക് ആരോഗ്യകരമായ ഭക്ഷണം വളരെ പ്രധാനമാണ്. ഭക്ഷണത്തിലെ പോഷകങ്ങള്‍ ഉപയോഗിച്ച് മുടിയെ ഉള്ളില്‍ നിന്ന് പോഷിപ്പിക്കാന്‍ സാധിക്കും. മുട്ട, ചീര, മത്സ്യം, മധുരക്കിഴങ്ങ്, അവോക്കാഡോ, നട്സ്, വിത്തുകള്‍, കാരറ്റ്, പച്ചക്കറികള്‍, സിട്രസ് പഴങ്ങള്‍, സോയാബീന്‍, ധാന്യങ്ങള്‍ എന്നിവ മുടിക്ക് പോഷണം നല്‍കുന്ന ഭക്ഷണങ്ങളാണ്. ആരോഗ്യപരമായ ഭക്ഷണം കഴിക്കുന്നതിനൊപ്പം തന്നെ പുറമേ ചില പരിചരണങ്ങളും നൽകണം.

നാളികേര ഉല്‍പ്പന്നങ്ങള്‍ ചര്‍മ്മത്തിനും മുടിക്കും നല്ലതാണ്. തേങ്ങാപ്പാല്‍ വെളിച്ചെണ്ണയുമായി ചേർത്ത് തലയിൽ തേച്ചാൽ നിങ്ങളുടെ മുടിയെ ജീവസുറ്റതാക്കാന്‍ സഹായിക്കും. ഈ മിശ്രിതം നിങ്ങളുടെ മുടിയുടെ വേരുകളില്‍ 10 മിനിറ്റ് മസാജ് ചെയ്യുക. ശേഷം കഴുകി കളയുക. നല്ല ആരോഗ്യമുള്ള തിളങ്ങുന്ന മുടി നിങ്ങൾക്ക് ലഭിക്കും.

വെളിച്ചെണ്ണയും കറിവേപ്പിലയും തിളപ്പിച്ച് ആറ്റിയതിന് ശേഷം അത് കുളിക്കുന്നതിന് മുൻപ് നന്നായി തലയിൽ തേച്ച് പിടിപ്പിക്കുക. ഇത് മുടിയുടെ ആരോഗ്യത്തിനും ബലത്തിനും നല്ലതാണ്. നാൽപതുകളിലെ മുടി കൊഴിച്ചിലിന് ഏറ്റവും ഉത്തമപരമായ ഒരു കൂട്ടാണിത്.

വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന ഉള്ളി നീര് നേരിട്ട് തലയില്‍ പുരട്ടുകയോ അല്ലെങ്കിൽ വെളിച്ചെണ്ണയില്‍ കലര്‍ത്തി ആഴ്ചയില്‍ ഒരിക്കല്‍ പുരട്ടുന്നതോ നല്ലതാണ്.