എൺപതുകളിൽ അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാന്തി കൃഷ്ണ മലയാളത്തിലും തമിഴിലും നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. ചകോരം എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ശാന്തി കൃഷ്ണ നേടി. വിവാഹ ശേഷം ഇടവേള വന്നെങ്കിലും പിന്നീട് തിരിച്ചെത്തി കരിയറിൽ ശാന്തി കൃഷ്ണ വീണ്ടും സജീവമായി. രണ്ട് വിവാഹങ്ങൾ നടന്ന സമയത്തും ശാന്തി കൃഷ്ണ ഇടവേളയെടുത്തിരുന്നു. രണ്ടാമത്തെ തിരിച്ച് വരവിൽ ചെയ്ത് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഫിലിംഫെയർ പുരസ്കാരമുൾപ്പെടെ ഈ സിനിമയിലൂടെ ശാന്തികൃഷ്ണ നേടി.
ജീവിതത്തിൽ പല ഘട്ടങ്ങൾ നേരിടേണ്ടി വന്ന നടിയാണ് ശാന്തി കൃഷ്ണ. രണ്ട് വിവാഹബന്ധങ്ങളാണ് ശാന്തി കൃഷ്ണയുടെ ജീവിതത്തിലുണ്ടായത്. നടൻ ശ്രീനാഥായിരുന്നു ആദ്യ ഭർത്താവ്. 1984 ൽ വിവാഹം ചെയ്ത ഇരുവരും 1995 ൽ പിരിഞ്ഞു. സദാശിവ ബജോർ എന്നായിരുന്നു രണ്ടാം ഭർത്താവിന്റെ പേര്. 1998 ലായിരുന്നു വിവാഹം. 2016 ൽ ഈ ബന്ധവും പിരിഞ്ഞു. രണ്ട് വിവാഹ ബന്ധങ്ങൾ പിരിയേണ്ടി വന്നതിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ശാന്തി കൃഷ്ണ. തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
എന്റെ സഹോദരൻ ബന്ധുവിന്റെ കല്യാണത്തിന് വന്നപ്പോൾ എന്റെ മക്കളോട് പറയുന്നത് ഞാൻ കേട്ടു. നിങ്ങൾ നിങ്ങളുടെ അമ്മയിൽ നിന്ന് പഠിക്കണം. അവളുടെ ജീവിതത്തിൽ എന്തെല്ലാം സംഭവിച്ചെന്ന് നിങ്ങൾക്കറിയില്ല. അവൾ അവളുടെ ചിരി കളഞ്ഞില്ല. നിങ്ങൾ അവളിൽ നിന്ന് പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇത് തന്നെ ഏറെ സ്പർശിച്ചെന്ന് വിതുമ്പലോടെ ശാന്തികൃഷ്ണ പറയുന്നു. ഒരു സ്ത്രീയെന്ന നിലയിൽ നമ്മൾ ഒരുപാട് കാര്യങ്ങളിലൂടെ കടന്ന് പോകേണ്ടി വരും. വ്യക്തിത്വം വിട്ട് കൊടുക്കരുത്.
ഇന്ന് ബോൾഡായ ആളുകൾ ഞാൻ പറയുന്നത് കേൾക്കൂ എന്ന് പറയുമ്പോൾ ഞാൻ എന്തുകൊണ്ട് അന്നങ്ങനെ സംസാരിച്ചില്ലെന്ന് വിഷമം തോന്നും. ആദ്യ വിവാഹബന്ധം തകർന്നതിനാൽ രണ്ടാം വിവാഹം തകരരുതെന്നായിരുന്ന എന്റെ മനസിൽ. ആദ്യ വിവാഹം 19 വയസിലായിരുന്നു. തെറ്റായ തീരുമാനമായിരുന്നു. മനസിലെ സങ്കൽപ്പങ്ങളായിരുന്നു. വീട്ടുകാർ എതിർത്തു. എന്നാൽ ഞാൻ കേട്ടില്ല. അനുഭവിച്ച് പഠിക്കുന്നവരുടെ കൂട്ടത്തിലാണ് ഞാൻ.
ഇരുപതുകൾ വിവാഹ ജീവിതത്തിൽ പോയി. മുപ്പതുകളിൽ മറ്റൊരു വിവാഹം ചെയ്തു. അതും തെറ്റായ തീരുമാനമായിരുന്നു. പക്ഷെ രണ്ട് മക്കളെ ദെെവം തന്നു. ഒരു വിവാഹ ബന്ധം 12 വർഷവും അടുത്ത വിവാഹം 18 വർഷവും നീണ്ട് നിന്നു. ഇരുപതുകളും നാൽപതുകളും അങ്ങനെ പോയെന്ന് പറയാം. പക്ഷെ അങ്ങനെയാണ് ജീവിതം. ജീവിതത്തിൽ ഉയർച്ച താഴ്ചകളിൽ നിന്ന് ഒരുപാട് കാര്യം പഠിക്കും.
രണ്ടാം വിവാഹ ജീവിതത്തിൽ ഞാൻ വീട്ടമ്മയായിരുന്നു. വരുമാനം ഇല്ല. സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം വളരെ മോശമായാണ് ഞാൻ മനസിലാക്കിയത്. എന്റെ ഐഡന്റിറ്റിയേ അക്കാലത്ത് പോയി. തുടക്കത്തിൽ വിവാഹ ജീവിതം നന്നായി പോയി. പിന്നീട് ഒരു വ്യക്തിയെന്ന നിലയിൽ എനിക്കെന്നെ നഷ്ടപ്പെട്ടു. ജീവിതത്തിലെ വളരെ മോശം സമയമായിരുന്നു അത്.
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിൽ അഭിനയിക്കാൻ വന്നപ്പോഴാണ് ഇതാണല്ലോ സ്വാതന്ത്ര്യം എന്ന് തിരിച്ചറിഞ്ഞത്. തെരഞ്ഞെടുക്കുന്ന പങ്കാളി നമ്മളെ ബഹുമാനിക്കണം. ഇത് മകളോട് താൻ പറഞ്ഞിട്ടുണ്ടെന്നും ശാന്തികൃഷ്ണ വ്യക്തമാക്കി.
content highlight: santhi-krishna-recalls-her-second-marriage-