Thrissur

വെടിക്കെട്ട് നടക്കുന്നിടത്ത് ആനയെ തളച്ചു, വിരണ്ട ആന പാപ്പാനെ തട്ടിവീഴ്ത്തി; ഒഴിവായത് വലിയ അപകടം

വെടിക്കെട്ട് നടക്കുന്നതിന് സമീപത്തായി ആനയെ തളച്ചത് പരിഭ്രാന്തി പരത്തി

തൃശ്ശൂര്‍: പുതുക്കാട് നന്തിപുലം പയൂര്‍ക്കാവ് ക്ഷേത്രത്തിലെ പൂരത്തിന്‍റെ ഭാഗമായി നടന്ന വെടിക്കെട്ടില്‍ ആന വിരണ്ടു. വെടിക്കെട്ട് നടക്കുന്നതിന് സമീപത്തായി ആനയെ തളച്ചത് പരിഭ്രാന്തി പരത്തി. വെടിക്കെട്ടിന്‍റെ തീയും ശബ്ദവുമേറ്റ് വിരണ്ട് പിന്‍തിരിഞ്ഞ ആന പാപ്പാനെ തട്ടിയിട്ടു. ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള പറമ്പില്‍ തളച്ച ആനയാണ് വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിയോടുകൂടി വിരണ്ടത്. പൂരം എഴുന്നള്ളിപ്പിനെത്തിയ രണ്ട് ആനകളെയാണ് സ്വകാര്യവ്യക്തിയുടെ പറമ്പില്‍ തളച്ചിരുന്നത്.

ഇതില്‍ ഒരാനയെ വെടിക്കെട്ടിന്‍റെ അവസാനത്തെ കൂട്ടപ്പൊരിച്ചില്‍ നടക്കുന്ന സ്ഥലത്തിന്‍റെ  ഏതാനും മീറ്ററുകള്‍ മാത്രം അകലെയായിരുന്നു നിര്‍ത്തിയിരുന്നത്. വെടിക്കെട്ടിന്‍റെ ശബ്ദവും ചൂടും അസഹനീയമായതാടെ പിന്തിരിയാന്‍ ശ്രമിച്ച ആന പിറകില്‍ നിന്ന പാപ്പാനെ പിന്‍കാലുകൊണ്ട് തട്ടിവീഴ്ത്തുകയായിരുന്നു. വെടിക്കെട്ട് കാണാന്‍ നിരവധി നാട്ടുകാര്‍ എത്തിയ സമയത്താണ് ആന വിരണ്ടത്. വിരണ്ട കൊമ്പന്‍ ഓടാതിരുന്നതിനാല്‍ വലിയ അത്യാഹിതം ഒഴിവായി. ഈ സമയം എലിഫന്‍റ് സ്‌ക്വാഡ് സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ ആനയെ വെടിക്കെട്ടിന് സമീപത്ത് നിര്‍ത്തിയത് ആരും ഗൗരവമായെടുത്തില്ല. ആന നില്‍ക്കുന്നത് ശ്രദ്ധിക്കാതെ വെടിക്കെട്ട് നടത്തിയതും വിമര്‍ശനത്തിനിടയാക്കുന്നുണ്ട്.

content highlight : elephant-in-a-temple-festival-tried-to-run-due-to-heavy-crack-sound