സൂപ്പർ ഹിറ്റ് ചിത്രം ‘തല്ലുമാല’യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ആലപ്പുഴ ജിംഖാന’. ചിത്രത്തിന് മേൽ സിനിമാ പ്രേമികൾ വലിയ പ്രതീക്ഷയാണ് നൽകുന്നത്. നസ്ലെൻ, ഗണപതി, ലുക്മാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.
സിനിമയുടെ പോസ്റ്ററുകൾക്കും മറ്റു അപ്ഡേറ്റുകൾക്കും വലിയ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നതും. ഇപ്പോഴിതാ സിനിമയുടെ റിലീസിനെപ്പറ്റിയുള്ള ഒരു അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്.
ചിത്രം ഏപ്രിൽ 3ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസിന് ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നേരത്തെ സിനിമ ഏപ്രിൽ 10 ന് എത്തുമെന്നായിരുന്നു വാർത്തകളുണ്ടായിരുന്നത്. എന്നാൽ മമ്മൂട്ടി സിനിമയായ ബസൂക്ക, ബേസിൽ ജോസഫ് നായകനായി എത്തുന്ന മരണമാസ്സ്, ഒപ്പം തമിഴിൽ നിന്ന് അജിത് ചിത്രമായ ഗുഡ് ബാഡ് അഗ്ലിയും അതേ തീയതിയിൽ എത്തുന്നതിനാൽ ആണ് ആലപ്പുഴ ജിംഖാന റിലീസ് മാറ്റിവെച്ചതെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ റിലീസ് തീയതിയെക്കുറിച്ച് നിർമാതാക്കളുടെ ഭാഗത്തുനിന്നും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമാണ സംരംഭമാണിത്. സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ.
ചിത്രം ഒരു അടി പടം അല്ലെന്നും കോമഡി ചിത്രമാണെന്നും നടൻ ലുക്മാൻ പറഞ്ഞിരുന്നു. ചിത്രത്തിൽ താൻ ഒരു കോച്ചിന്റെ വേഷത്തിലാണ് എത്തുന്നതെന്നും നടൻ വ്യക്തമാക്കി. ഖാലിദ് റഹ്മാൻ തന്നെയാണ് സിനിമയ്ക്കായി തിരക്കഥ എഴുതുന്നത്.
രതീഷ് രവിയാണ് സംഭാഷണം. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്. നിഷാദ് യൂസഫ് ആണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. മുഹ്സിൻ പരാരിയാണ് ചിത്രത്തിലെ ഗാനങ്ങൾക്കായി വരികൾ എഴുതുന്നത്.