ബോളിവുഡിലെ മികച്ച അഭിനേതാക്കളിൽ ഒരാളാണ് അഭിഷേക് ബച്ചൻ. മികച്ച കഥാപാത്രങ്ങളിലൂടെയും അഭിനയമുഹൂർത്തങ്ങളിലൂടെയും അഭിഷേക് എന്ന അഭിനേതാവിന്റെ വ്യത്യസ്ത മുഖങ്ങൾ കണ്ട് അമ്പരന്നവരാണ് പ്രേക്ഷർ ഓരോരുത്തരും. എന്നാൽ തന്റെ കരിയറിന്റെ തുടക്കകാലത്ത് താൻ അഭിനയം ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നെന്നും അച്ഛന്റെ വാക്കുകളാണ് തനിക്ക് ഊർജം നൽകിയതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് അഭിഷേക് ബച്ചൻ. ഏറ്റവും പുതിയ ചിത്രമായ ‘ബി ഹാപ്പി’യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലൂടെയാണ് താരം ഈ കാര്യങ്ങൾ പറഞ്ഞത്.
‘എൻ്റെ കരിയറിൻ്റെ തുടക്കത്തിൽ ഞാനും എന്റെ സിനിമകളും വളരെ മോശം സമയത്തിലൂടെയാണ് കടന്നുപോയത്. എത്രയൊക്കെ ശ്രമിച്ചിട്ടും, ഞാൻ നേടാൻ ആഗ്രഹിക്കുന്നത് നേടിയെടുക്കാനും ഞാൻ സ്വയം നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടാനും എനിക്ക് കഴിഞ്ഞില്ല. ഒരു രാത്രി അച്ഛൻ്റെ അടുത്ത് ചെന്ന് എനിക്ക് തെറ്റ് പറ്റി, എന്ത് ശ്രമിച്ചിട്ടും നടക്കുന്നില്ല എന്ന് പറഞ്ഞത് ഞാൻ ഓർക്കുന്നു. ചിലപ്പോൾ ഇത് എനിക്ക് പറ്റുന്ന പണി അല്ലായിരിക്കാം എന്ന് ഞാൻ പറഞ്ഞു. പക്ഷേ എന്നോട് അദ്ദേഹം പറഞ്ഞത് കേട്ട് ഞാൻ അത്ഭുതപ്പെട്ടു. നിനക്ക് ഇനിയും ഏറെ ദൂരം പോകാനുണ്ട്. നീ ഫിനിഷ് ലൈനിലേക്ക് എത്തിയിട്ടില്ല എന്നാൽ ഓരോ സിനിമ കഴിയുമ്പോഴും നീ മെച്ചപ്പെടുന്നുണ്ട്. ജോലി തുടരുക, നീ അവിടെയെത്തും. പോരാടിക്കൊണ്ടിയിരിക്കുക.’ അഭിഷേക് ബച്ചൻ പറഞ്ഞു.
ഞാൻ മുറിയിൽ നിന്ന് പുറത്തേക്ക് പോകാനിറങ്ങിയപ്പോൾ അദ്ദേഹം വീണ്ടും എന്നോട് പറഞ്ഞു, ഞാൻ നിന്നെ വളർത്തിയത് തോറ്റു മടങ്ങുന്നൊരാളായിട്ടല്ല, അതുകൊണ്ട് പോരാടിക്കൊണ്ടേയിരിക്കുക. കാലക്രമേണ നമ്മൾ ഒരുപാട് കാര്യങ്ങൾ പഠിക്കും. നിങ്ങളുടെ അനുഭവങ്ങൾ നിങ്ങളെ ഒരുപാട് കാര്യങ്ങൾ പഠിപ്പിക്കും. നോക്കുകയാണെങ്കിൽ നമ്മൾ എല്ലാവരും തന്നെ തോൽവിയുമായുള്ള ഒരു പോരാട്ടത്തിലാണ്. നിങ്ങൾ പരാജയപ്പെടും, പരാജയം വിജയത്തിലേക്കുള്ള ഒരു അവിഭാജ്യ ചവിട്ടുപടിയാണ്. പരാജയമില്ലാതെ, ഒരിക്കലും വിജയം ഉണ്ടാകില്ല. ഞാൻ അതിനെ അങ്ങനെയാണ് കണ്ടത് അഭിഷേക് പറഞ്ഞു. റെമോ ഡിസൂസ സംവിധാനം ചെയ്യുന്ന ‘ബി ഹാപ്പി’ എന്ന സിനിമയാണ് അവസാനമായി പുറത്തിറങ്ങിയ അഭിഷേക് ബച്ചൻ ചിത്രം.
STORY HIGHLIGHT: amitabh bachchans advice to abhishek