Movie News

എമ്പുരാന്റെ റിലീസ് നീട്ടിവെക്കുമോ ? മറുപടിയുമായി മോഹൻലാൽ | empuraan-first-day-first-show-timing

മോഹന്‍ലാല്‍ അടക്കമുള്ള അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാന്‍ മാര്‍ച്ച് 27-നാണ് ആഗോള റിലീസായി എത്തുന്നത്. ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണ്. മാര്‍ച്ച് 27-ന് ഇന്ത്യന്‍ സമയം രാവിലെ ആറ് മണി മുതല്‍ ചിത്രത്തിന്റെ ആഗോള പ്രദര്‍ശനം ആരംഭിക്കും. ചിത്രത്തിന്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷന്‍ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ്. ദില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ചിത്രം ആന്ധ്ര- തെലുങ്കാന സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുമ്പോള്‍, അനില്‍ തഡാനി നേതൃത്വം നല്‍കുന്ന എഎ ഫിലിംസാണ് ചിത്രം നോര്‍ത്ത് ഇന്ത്യയില്‍ എത്തിക്കുന്നത്. കര്‍ണാടകയിലെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ കന്നഡയിലെ വമ്പന്‍ സിനിമാ നിര്‍മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്.

മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയുടെ ടൈമിംഗിന്‍റെ കാര്യത്തില്‍ തീരുമാനമായി. മോഹന്‍ലാല്‍ ആരാധകര്‍ അടക്കമുള്ള സിനിമാപ്രേമികള്‍ ഏറെക്കാലമായി തിരക്കിക്കൊണ്ടിരുന്ന ഒരു അപ്ഡേറ്റ് ആയിരുന്നു ഇത്.   നേരത്തേ പ്രഖ്യാപിച്ചിരുന്ന റിലീസ് തീയതിയായ മാര്‍ച്ച് 27 ന് പുലര്‍ച്ചെ 6 മണിക്ക് ചിത്രം ആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിക്കും. മോഹന്‍ലാല്‍ അടക്കമുള്ള അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 6 മണിയ്ക്ക് സമാനമായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആദ്യ ഷോ തുടങ്ങുമെന്നാണ് ഔദ്യോഗിക അറിയിപ്പ്.

യുഎസില്‍ സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. വെറും 11 ദിവസങ്ങള്‍ മാത്രമാണ് മോളിവുഡ് കണ്ട ഏറ്റവും വലിയ സിനിമയുടെ റിലീസിനായി അവശേഷിക്കുന്നത്. നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസിനും ലൈക്ക പ്രൊഡക്ഷന്‍സിനുമിടയിലുള്ള അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ ചിത്രം റിലീസ് നീട്ടിവെക്കുമോ എന്ന ആശങ്കകള്‍ക്കിടെ ഇന്നലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടതായി അറിയിപ്പ് എത്തി. ശ്രീ ഗോകുലം മൂവീസ് കൂടി എത്തിയതോടെയാണ് ചിത്രം പറഞ്ഞ ദിവസം തന്നെ എത്തുമെന്ന് ഉറപ്പായത്. നിലവില്‍ മൂന്ന് നിര്‍മ്മാതാക്കളാണ് ചിത്രത്തിന്.

ഖുറേഷി അബ്രാം/ സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.

content highlight: empuraan-first-day-first-show-timing