ബോളിവുഡിലെ ഹിറ്റ് സിനിമാറ്റിക് യൂണിവേഴ്‌സ് ആണ് യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സ്. ഹൃത്വിക് റോഷനെ നായകനാക്കി അയൻ മുഖർജി ഒരുക്കുന്ന ‘വാർ 2’ ഇനി ഈ യൂണിവേഴ്സിൽ നിന്ന് റിലീസ് ചെയ്യാനുള്ള ഏറ്റവും പുതിയ ചിത്രം. ജൂനിയർ എൻടിആറും ഒരു പ്രധാന വേഷത്തിലെത്തുന്ന സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രം ആഗസ്റ്റ് 14 ന് പ്രദർശനത്തിനെത്തും.
സിനിമയുടെ നിർമാതാക്കളായ യഷ് രാജ് ഫിലിംസ് തന്നെയാണ് ചിത്രത്തിന്റെ പ്രദർശന വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ചിത്രത്തിന്റെ ഷൂട്ട് പുരോഗമിക്കുകയാണ്. മേജർ കബീർ ധലിവാൾ എന്ന റോ ഏജന്റിനെയാണ് ചിത്രത്തിൽ ഹൃതിക് റോഷൻ അവതരിപ്പിക്കുന്നത്. കിയാരാ അദ്വാനിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. യഷ് രാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് ‘വാർ 2’ നിർമിക്കുന്നത്.
ജൂനിയർ എൻടിആറിന്റെ ആദ്യ ബോളിവുഡ് ചിത്രമാണിത്. ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് ജൂനിയർ എൻടിആർ എത്തുന്നതെന്ന് വാർത്തകളുണ്ടായിരുന്നു. സ്പൈ യൂണിവേഴ്സിലെ ആറാമത്തെ ചിത്രമാണ് ‘വാർ 2’. ‘ബ്രഹ്മാസ്ത്ര’ എന്ന ചിത്രത്തിന് ശേഷം അയൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
STORY HIGHLIGHT: War 2 release date out