മലയാളത്തിലെ പ്രശസ്‌ത സാഹിത്യകാരനും ഗാനരചയിതാവുമായ മാങ്കൊമ്പ് ഗോപാലകൃഷ്‌ണന്‍ അന്തരിച്ചു. ഹൃദയഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 78 വയസായിരുന്നു. കഴിഞ്ഞ എട്ട് ദിവസമായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്കാര സമയം അറയിച്ചിട്ടില്ല.
ഏതാണ്ട് 53 വർഷങ്ങൾക്ക് മുമ്പാണ് മങ്കൊമ്പ് സിനിമയുടെ ലോകത്തേക്ക് കടന്നുവരുന്നത്. 700ലധികം മലയാള ഗാനങ്ങളും നിരവധി സിനിമകൾക്ക് തിരക്കഥയും അദ്ദേഹം രചിച്ചിട്ടുണ്ട്. ബാഹുബലി ചിത്രത്തിലെ ‘ആർക്കും തോൽക്കാതെ…’ എന്ന പ്രശസ്ത മൊഴി മാറ്റ ഗാനം ഉൾപ്പെടെ നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം മലയാളം പാട്ടുകൾ ഒരുക്കി.
ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ, നാടൻ പാട്ടിന്റെ മടിശീല, കാളിദാസന്റെ കാവ്യ ഭാവനയെ തുടങ്ങി നിരവധി ഹിറ്റുകൾ മലയാളികൾക്ക് സമ്മാനിച്ച വ്യക്തിത്വമാണ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ. ബാലചന്ദ്രൻ ചുള്ളിക്കാട് അടക്കം ആശുപത്രിയിൽ എത്തിയിരുന്നു. മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. തീർത്തും കേരളീയമായ സാംസ്‌കാരിക ജീവിതത്തിന്റെ സ്പർശമുള്ള ഗാനങ്ങൾകൊണ്ട് സഹൃദയമനസ്സിൽ സ്ഥാനം നേടിയ ചലച്ചിത്ര ഗാനരചയിതാവായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണനെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
STORY HIGHLIGHT: mankombu gopalakrishnan has passed away