മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസിന് തയ്യാറെടുക്കുകയാണ് എമ്പുരാൻ. റിലീസ് അനിശ്ചിതത്വങ്ങൾക്ക് വിരാമം കുറിച്ച് മാർച്ച് 27ന് തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്ന ഔദ്യോഗിക അറിയിപ്പ് വന്നതോടെ സിനിമയുടെ ഹൈപ്പും പതിന്മടങ്ങ് വർധിച്ചിരിക്കുകയാണ്. ബോക്‌സ് ഓഫീസ് കളക്ഷനിൽ റെക്കോർഡുകൾ സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ചിത്രം എത്തുന്നത്. ജർമനിയിൽ സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്.
ലോകത്തിലെ ഏറ്റവും വലിയ ഐമാക്സ് സ്‌ക്രീനായ ജർമനിയിലെ ലിയോൺബെർഗിലുള്ള ട്രോംപാലസ്റ്റിൽ എമ്പുരാൻ പ്രദർശിപ്പിക്കും.
സിനിമയുടെ ബുക്കിംഗ് ഓപ്പൺ ആയി രണ്ട് മണിക്കൂറിൽ ആയിരത്തിൽ പരം ടിക്കറ്റുകൾ ജർമനിയിൽ വിറ്റതായി റിപ്പോർട്ടുകൾ ഉണ്ട്. നേരത്തെ ഷാരൂഖ് ഖാൻ ചിത്രം ജവാൻ ട്രോംപാലസ്റ്റിൽ പ്രദർശിപ്പിച്ചിരുന്നു. 2022 ഡിസംബർ 6 ന് സ്ഥാപിതമായ ട്രോംപാലസ്റ്റിൽ റിലീസ് ചെയ്ത ആദ്യ ഇന്ത്യൻ ചിത്രം ജവാൻ ആയിരുന്നു.
അതേസമയം, റിലീസിങ് സംബന്ധിച്ച ആശങ്കകൾ ദുരീകരിച്ചുകൊണ്ട് എമ്പുരാൻ മാർച്ച് 27ന് തന്നെ തിയേറ്ററുകളിലെത്തുകയാണ്. ഗോകുലം മൂവിസ് കൂടി നിർമാണ പങ്കാളിത്തം ഏറ്റെടുത്തുകൊണ്ടാണ് പ്രശ്‌നങ്ങൾ പരിഹരിച്ചത്. ഓവർസീസിൽ ബുക്കിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിൽ ആശിർവാദും മറ്റ് സംസ്ഥാനങ്ങളിൽ പ്രമുഖ വിതരണക്കമ്പനികളുമാണ് എമ്പുരാന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.
content highlight: Empuran movie