Celebrities

ശബരിമലയിൽ മമ്മൂട്ടിക്കായി ഉഷപൂജ നടത്തി മോഹൻലാൽ; ‘മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം’ ! | mohanlal

ഇന്ന് വൈകുന്നേരത്തോടെയാണ് മോഹൻലാൽ അയ്യപ്പ സന്നിധിയിൽ എത്തിയത്

പത്തനംതിട്ട: ശബരിമല ദർശനം നടത്തിയ മോഹൻലാൽ നടൻ മമ്മൂട്ടിയുടെ പേരിൽ ഉഷപൂജ നടത്തി. ഭാര്യ സുചിത്രയുടെ പേരിലും നടൻ വഴിപാട് അർപ്പിച്ചു. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി മോഹൻലാൽ വഴിപാട് നടത്തിയത്. ഇന്ന് വൈകുന്നേരത്തോടെയാണ് മോഹൻലാൽ അയ്യപ്പ സന്നിധിയിൽ എത്തിയത്.

നിലവില്‍ മോഹന്‍ലാലിന്‍റെ എമ്പുരാൻ എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. ഈ അവസരത്തിലാണ് മോഹൻലാൽ ശബരിമല ദർശനം നടത്തിയത് എന്നതും ശ്രദ്ധേയമാണ്. പമ്പയില്‍ നിന്നും ഇരുമുടി കെട്ടിയാണ് മോഹന്‍ലാല്‍ സന്നിധാനത്ത് എത്തിയത്.  തന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം  നാളെ രാവിലെ നിര്‍മാല്യം തൊഴുത ശേഷമാകും മലയിറങ്ങുക.

അതേസമയം, ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകരും സിനിമാസ്വാദകരും. മഹേഷ് നാരായണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തില്‍ നയന്‍താര, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

മാര്‍ച്ച് 27ന് ആണ് എമ്പുരാന്‍ റിലീസ് ചെയ്യുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ ഫ്രാഞ്ചൈസിയിലെ രണ്ടാം ഭാഗമായ എമ്പുരാന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളില്‍ ഹോംബാലേ പോലുള്ള വമ്പന്‍ കമ്പനികളാണ് വിതരണത്തിന് എത്തിക്കുന്നത്. ഐമാക്സില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമെന്ന ഖ്യാതിയും എമ്പുരാന് സ്വന്തമാണ്. ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവരാണ് നിര്‍മാതാക്കള്‍. ബസൂക്കയാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഏപ്രിലില്‍ റിലീസ് ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡിനോ ഡെന്നിസ് ആണ്.

content highlight: mohanlal-made-an-offering-in-the-name-of-actor-mammootty