തൃശ്ശൂര്‍ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ സിവില്‍ വിഭാഗം അധ്യാപികയായ ആനന്ദ് ലാലി നീര കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും നേടിയ ഡോക്ടറേറ്റിനു തിളക്കങ്ങളേറെ. പതിനൊന്ന് വര്‍ഷത്തിലേറെ ഒന്നൊഴിയാതെ പിന്തുടര്‍ന്നെത്തിയ രോഗങ്ങള്‍ സമ്മാനിച്ച വേദനകളേയും വെല്ലുവിളികളേയും മനോധൈര്യം കൊണ്ട് തോല്‍പ്പിച്ചാണ് നീര, പരിസ്ഥിതി എഞ്ചിനീറിങ്ങില്‍ പി.എച്ച്.ഡി നേടിയത്. ടി.കെ. എം. എഞ്ചിനീയറിംഗ് കോളേജിലെ പ്രൊഫസറായിരുന്ന ഡോ.എസ്.അയൂബിന്റെ കീഴില്‍ 2014ല്‍ ആണ് നീര തന്റെ ഗവേഷണം ആരംഭിച്ചത്. നാലുവര്‍ഷങ്ങള്‍ കൊണ്ട് ഗവേഷണം പൂര്‍ത്തിയാക്കാനായിരുന്നു പ്ലാന്‍.
ആദ്യവര്‍ഷം അവിചാരിതമായി ഉണ്ടായ ഒരു കാറപകടത്തോടെയായിരുന്നു ദുരിതങ്ങളുടെ തുടക്കം. അപകടത്തില്‍ നിന്നും വലിയ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ആ സംഭവവും ദൃശ്യങ്ങളും നീരയുടെ മനസ്സില്‍ ആഴത്തില്‍ ഭീതി വിതച്ചു. സംസാരിക്കുവാന്‍ പോലും ശക്തിയില്ലാതെയായ നീര ക്രമേണ, നിശബ്ദയാകുവാനും എകയായിരിക്കാനും, തന്നിലേക്ക് മാത്രം ഉള്‍വലിയുവാനും തുടങ്ങി. നീരയുടെ ലോകം ഭര്‍ത്താവും ഏക മകനും മാത്രമായി ചുരുങ്ങി വന്നു.
അതിനിടെ 2016ല്‍ വലത്തെ തോളിന് സ്ഥാന ഭ്രംശം വന്ന് വേദനമൂലം ചോക്കു പോലും പിടിക്കാന്‍ പറ്റാതായി. ആറുമാസം കഴിഞ്ഞപ്പോള്‍ വലത്തേ ഇടുപ്പിനുണ്ടായ സ്ഥാന ഭ്രംശം മൂലം നില്‍ക്കാനും നടക്കാനും വയ്യാതായി. ഇതിനിടെ പാലായില്‍ പഠിക്കുന്ന മകനെ കാണാനുള്ള വാരാന്ത്യത്തിലെ നീണ്ട യാത്രകള്‍ മൂലം നട്ടെല്ലിലെ ഡിസ്‌കുകള്‍ക്കും ഗുരുതരമായ പ്രശ്‌നങ്ങള്‍ ആരംഭിച്ചു. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കുറച്ച് മാസക്കാലം സമ്പൂര്‍ണമായ വിശ്രമം ശാരീരികമായി ആശ്വാസം നല്‍കിയെങ്കിലും മാനസികാരോഗ്യം കുറഞ്ഞുകൊണ്ടിരുന്നു.
നീരയുടെ സൗകര്യാര്‍ത്ഥം കോളേജിലെ ക്ളാസ്സുകള്‍ താഴത്തെ നിലയില്‍ തന്നെയാക്കി മാറ്റിക്കൊടുത്തു. പക്ഷെ പത്തു പതിനഞ്ച് നിമിഷങ്ങളിലേറെ നടക്കുവാനോ, നില്‍ക്കുവാനോ ഇരിക്കുവാനോ നീരയ്ക്ക് കഴിയാതെയായി. സ്റ്റാഫ് മീറ്റിംഗുകളില്‍ പലതവണ നിന്നും ഇരുന്നും പങ്കെടുത്തു. ഇതൊക്കെയാണെങ്കിലും അധ്യാപികയെന്ന ജോലിയുടെ ഉത്തരവാദിത്വം പൂര്‍ണ്ണമായും നിര്‍വഹിക്കണമെന്നു നീരയ്ക്ക് നിര്‍ബന്ധമായിരുന്നു. അതുകൊണ്ടുതന്നെ സഹപ്രവര്‍ത്തകരും അധികാരികളും നല്‍കിയ ഇളവുകള്‍ സ്‌നേഹപൂര്‍വ്വം നിരസിച്ചു.
ഇതിനിടെ കോവിഡിന്റെ കാലയളവില്‍ നിറുത്തിവെച്ച ഗവേഷണം വീണ്ടും ആരംഭിച്ചു. യൂണിവേഴ്സിറ്റി ഡീന്‍ ആയിരുന്ന ഡോ.കെ.എ. ഷാഫിയുടെ പിന്തുണയും പരിഗണയും നിര്‍ണായകമായി. ഡോക്ടറല്‍ കമ്മിറ്റിയ്ക്ക് മുന്നില്‍ പ്രാഥമിക വിഷയാവതരണം വിജയകരമായി പൂര്‍ത്തിയാക്കി. ഗവേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കവേ, നീരയെ ഞെട്ടിച്ചുകൊണ്ടു ബ്രെയിന്‍ ട്യൂമറിന്റെ ലക്ഷണങ്ങള്‍ പ്രാഥമിക പരീക്ഷണങ്ങളില്‍ തെളിഞ്ഞു. തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയായി. തുടര്‍ പരിശോധനകളില്‍ ആശ്വാസം പകര്‍ന്നത് കാന്‍സര്‍ പരിശോധനകള്‍ നെഗറ്റീവായപ്പോഴാണ്. കാന്‍സറിന്റെ ഭീതി ഒഴിഞ്ഞുവെങ്കിലും മസ്തിഷ്‌കത്തിലെ ട്യുമര്‍ ശരീരത്തെയാകെ പിടിച്ചുലച്ചു.
കേള്‍വിയും, കാഴ്ച്ചയും, ഓര്‍മ്മയും കുറഞ്ഞു വന്നു അതിനൊപ്പം ഡിസ്‌കിന്റെ ഗുരുതരമായ പ്രശ്‌നങ്ങളും. ഇത്രയും ഗുരുതരമായ പ്രശ്‌നങ്ങള്‍ക്കിടയിലും തന്റെ ഔദ്യോഗിക, കുടുംബ, ഉത്തരവാദിത്തങ്ങളൊന്നും മാറ്റിവയ്ക്കുവാന്‍ നീര തയ്യാറായില്ല. മനോരോഗവിദഗ്ദന്‍ നല്‍കിയ മരുന്നുകളൊക്കെ നീന തന്നെ സ്വയം കുറച്ചുകൊണ്ടുവന്നു, മാനസിക സമ്മര്‍ദങ്ങളെയും വിഷാദത്തെയും അതിജീവിച്ചു അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. പിറ്റിയൂറ്ററി ഗ്രന്ഥിയിലെ നേരീയ ട്യൂമറുകളുടെ സാന്നിധ്യം മൂലം പലവിധ മരുന്നുകള്‍ കഴിക്കേണ്ടിവരുന്നുണ്ടെങ്കിലും അവയുടെ അളവുകളൊക്കെ ഗണ്യമായി കുറച്ചു. ഒരു ചെറിയ വാക്കുപോലും മനസ്സില്‍ വിഷാദം നിറച്ചിരുന്ന നാളുകളെ തന്റെ അസാമാന്യമായ മനഃസാന്നിധ്യം കൊണ്ട് നീന മറികടന്നു. ഗവേഷക ഗൈഡുകള്‍ ആയിരുന്ന ഡോ.എസ്. അയൂബും, ഡോ. ആര്‍. ആശാലതയും എല്ലാ പിന്തുണയും നല്‍കി കൂടെനിന്നു.
ജീവിതപങ്കാളിയായ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടറായ സി.ആര്‍. നന്ദകുമാര്‍ നിഴല്‍പോലെ നീനയുടെ സഹന യാത്രകളിലെല്ലാം കാവല്‍ നിന്നു. കേരള യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണ പ്രബന്ധം സമര്‍പ്പിച്ചശേഷം തന്നെ മറ്റൊരു ബിരുദപഠനവും ആരംഭിച്ചു ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഒരു ബിരുദാനന്തര കോഴ്സിന് പഠിക്കുകയാണ് നീര ഇപ്പോള്‍. നീര ഗവേഷണം ആരംഭിക്കുമ്പോള്‍ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായിരുന്ന ഏക മകന്‍ നിരന്ദ് നന്ദ ഇപ്പോള്‍ ഡോക്ടറാണ്. അമ്മയുടെ വേദനകള്‍ കണ്ടു വളര്‍ന്ന മകന്‍ ഉന്നത പഠനത്തിനായി തിരഞ്ഞെടുത്തത് സൈക്കോളജിയാണ്. അമ്മയും മകനും മനഃശാസ്ത്ര പഠനത്തില്‍ ഒരുമിച്ചു മുന്നേറാനാണ് തീരുമാനം.
CONTENT HIGH LIGHTS; Neera overcomes hardships to earn a doctorate; She overcame everything from a car accident to a brain tumor, a dislocated shoulder, hearing loss, vision loss, and mental health issues; Neera’s willpower should be an example for all women