മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാന്‍ മാര്‍ച്ച് 27-നാണ് ആഗോള റിലീസായി എത്തുന്നത്. ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണ്. മാര്‍ച്ച് 27-ന് ഇന്ത്യന്‍ സമയം രാവിലെ ആറ് മണി മുതല്‍ ചിത്രത്തിന്റെ ആഗോള പ്രദര്‍ശനം ആരംഭിക്കും. ചിത്രത്തിന്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷന്‍ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ്. ദില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ചിത്രം ആന്ധ്ര- തെലുങ്കാന സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുമ്പോള്‍, അനില്‍ തഡാനി നേതൃത്വം നല്‍കുന്ന എഎ ഫിലിംസാണ് ചിത്രം നോര്‍ത്ത് ഇന്ത്യയില്‍ എത്തിക്കുന്നത്. കര്‍ണാടകയിലെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ കന്നഡയിലെ വമ്പന്‍ സിനിമാ നിര്‍മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്.
ഇപ്പോഴിതാ എമ്പുരാന്‍ കാണാനെത്തുന്ന പ്രേക്ഷകരോട്, അവര്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യത്തെക്കുറിച്ച് പറയുകയാണ് പൃഥ്വിരാജ്.
സിനിമ പൂര്‍ത്തിയായാലും എന്‍ഡ് ക്രെഡിറ്റ്സ് കാണാതെ പോകരുതെന്ന് പൃഥ്വിരാജ് പറയുന്നു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് മോഹന്‍ലാലുമൊത്ത് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പറയുന്നത്- മൂന്നാം ഭാഗം നിങ്ങളെ തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു ലോകത്തേക്കാവും കൊണ്ടുപോവുക. രണ്ടാം ഭാഗം കാണുമ്പോള്‍ നിങ്ങള്‍ക്ക് അത് മനസിലാവും. എമ്പുരാന്‍ കാണുന്നവരോട് എനിക്ക് ഒരു അഭ്യര്‍ഥനയുണ്ട്. ചിത്രത്തിന്‍റെ എന്‍ഡ് ടൈറ്റില്‍സ് കാണണം. ലൂസിഫറിലേത് പോലെയുള്ള എന്‍ഡ് സ്ക്രോള്‍ ടൈറ്റില്‍സ് ആണ് എമ്പുരാനിലും. അത് കാണുകയും ശ്രദ്ധയോടെ വായിക്കുകയും ചെയ്യുക. അതിലെ ന്യൂസ് റീലുകളും ഉദ്ധരണികളുമെല്ലാം കാണുക. അതിന് മുന്‍പ് തിയറ്റര്‍ വിട്ട് പോകരുത്. മൂന്നാം ഭാഗത്തില്‍ വരാനിരിക്കുന്ന ലോകത്തിന്‍റെ ചില സൂചനകള്‍ അവിടെ ഞാന്‍ നല്‍കും, പൃഥ്വിരാജ് പറയുന്നു.
അതേസമയം 27-ാം തീയതിയാണ് ചിത്രത്തിന്‍റെ റിലീസ്. അഡ്വാന്‍സ് ബുക്കിംഗ് ഒരു ദിവസം പിന്നിടും മുന്‍പേ കേരളത്തിലെ ഒരു മലയാള ചിത്രത്തിന്‍റെ ഏറ്റവും മികച്ച ഓപണിംഗ് എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട് ചിത്രം. ആദ്യ ദിനം പോസിറ്റീവ് അഭിപ്രായം നേടുന്നപക്ഷം വലിയ ബോക്സ് ഓഫീസ് നേട്ടമാണ് ചിത്രത്തെ കാത്തിരിക്കുന്നത്.
content highlight: prithviraj-sukumarans-request-to-audience