റായ്പൂർ: പരീക്ഷാ ഹാൾ ടിക്കറ്റ് നൽകാൻ വനിതാ പ്രിൻസിപ്പൽ 500 രൂപ കൈക്കൂലി വാങ്ങുന്ന ദൃശ്യം ചിത്രീകരിച്ച് വിദ്യാർത്ഥികൾ. ഛത്തീസ്ഗഡിലെ സൂരജ്പൂർ ജില്ലയിലെ രാമാനുജ്‌നഗർ ഗവൺമെന്‍റ് കോളജിലാണ് സംഭവം. വിദ്യാർത്ഥികളിൽ നിന്ന് നിയമവിരുദ്ധമായി പണം വാങ്ങുന്ന വീഡിയോ പുറത്തുവന്നതിനെ തുടർന്ന് പ്രിൻസിപ്പൽ ഇൻ-ചാർജ് അഞ്ജലി കശ്യപിനെ ആ സ്ഥാനത്ത് നിന്ന് നീക്കി.
പരീക്ഷയ്ക്ക് മുൻപായി അഡ്മിറ്റ് കാർഡിൽ ഒപ്പ് വാങ്ങാൻ ചെന്നപ്പോൾ അഞ്ജലി കശ്യപ് പണം ചോദിച്ചെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. പ്രിൻസിപ്പൽ പണം ചോദിക്കുന്ന വീഡിയോ രണ്ട് വിദ്യാർത്ഥികൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചു. അഡ്മിറ്റ് കാർഡിൽ ഒപ്പിടും മുൻപ് പണം നൽകാൻ പ്രിൻസിപ്പൽ നിർബന്ധിക്കുന്നത് വീഡിയോയിൽ കാണാം. ‘മാഡം, ഞങ്ങൾ ദരിദ്രരാണ്, ഞങ്ങളുടെ കൈവശം പണമില്ല’ എന്ന് വിദ്യാർത്ഥികൾ പറയുമ്പോൾ ‘നിങ്ങൾ പണം നൽകേണ്ടിവരും, ഞങ്ങളും ദരിദ്രരാണ്’ എന്ന് പ്രിൻസിപ്പൽ പറയുന്നത് കേൾക്കാം.
അതേസമയം ക്ലാസ്സിൽ ഹാജരാവാതിരുന്ന വിദ്യാർത്ഥികളിൽ നിന്നും പിഴ എന്ന നിലയിലാണ് 500 രൂപ വാങ്ങിയതെന്ന് പ്രിൻസിപ്പൽ പറയുന്നു. എന്നാൽ റെസീപ്റ്റ് നൽകിയാണോ ഈ തുക ഈടാക്കിയതെന്ന ചോദ്യത്തിന് പ്രിൻസിപ്പൽ വ്യക്തമായ മറുപടി നൽകിയില്ല. വീഡിയോ പുറത്തുവന്നതിന് പിന്നാലെ അഞ്ജലി കശ്യപിനെ പ്രിൻസിപ്പൽ സ്ഥാനത്തു നിന്ന് നീക്കി. തുടരന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.