ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിൽ അന്വേഷണം അവസാനിപ്പിച്ച് റിപ്പോർട്ട് സമർപ്പിച്ച് സിബിഐ. ആത്മഹത്യ പ്രേരണയ്ക്ക് തെളിവില്ലെന്ന നിഗമനത്തിലാണ് സിബിഐ കേസ് അന്വേഷണം അവസാനിപ്പിച്ചത്. കേസ് റിപ്പോർട്ട് സിബിഐ മുംബൈ കോടതിയിൽ സമർപ്പിച്ചു.
2020 ജൂൺ 14 നാണ് സുശാന്തിനെ ബാന്ദ്രയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുശാന്തിന്റേത് ആത്മഹത്യ തന്നെയെന്ന് മുംബൈ പൊലീസ് ആദ്യം തന്നെ പ്രാഥമിക നിഗമനത്തിൽ എത്തിയിരുന്നു. സുശാന്തിന്റെ വസതിയിൽ ആരെങ്കിലും അതിക്രമിച്ച് കയറിയതിനുള്ള തെളിവുകൾ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വിഷാദ രോഗം മൂലമാണ് സുശാന്ത് ജീവനൊടുക്കിയതെന്നായിരുന്നു പ്രാഥമിക നിഗമനം.
മുറിയിലെ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് സുശാന്തിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്നും ആത്മഹത്യാ കുറിപ്പും ലഭിച്ചിരുന്നില്ല. എന്നാൽ മകൻ കൊല്ലപ്പെട്ടതാണെന്നും, 15 കോടി രൂപ കാമുകിയും നടിയുമായ റിയ ചക്രബർത്തി തട്ടിയെടുത്തെന്നും ആരോപിച്ച് പരാതിയുമായി സുശാന്തിന്റെ പിതാവ് ബിഹാർ പൊലീസിനെ സമീപിച്ചതോടെയാണ് കേസ് സിബിഐക്ക് കൈമാറിയത്. ഫൊറൻസിക് വിദഗ്ധർ സുശാന്തിന്റെ ഫ്ലാറ്റിൽ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.
സുശാന്തിന്റേത് ആത്മഹത്യയാണെന്ന റിപ്പോർട്ടാണ് ഫോറൻസിക് വിദഗ്ധർ സിബിഐക്ക് കൈമാറിയത്. “കേസിന്റെ എല്ലാ വശങ്ങളും സമഗ്രമായി അന്വേഷിച്ച് കേസ് അവസാനിപ്പിച്ചതിന് സിബിഐയോട് ഞങ്ങൾ നന്ദി പറയുന്നു”വെന്ന് റിയ ചക്രബർത്തിയുടെ അഭിഭാഷകൻ പിടിഐയോട് പ്രതികരിച്ചു.
content highlight: Sushanth Sing case