കോഴിക്കോട്: വടകര ചോറോട് കോണ്‍ഗ്രസ് നേതാവിന്‍റെ വീടിന് തീയിടാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമെന്ന് പൊലീസ്. കോണ്‍ഗ്രസ് വടകര ബ്ലോക്ക് സെക്രട്ടറിയും ചോറോട് വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്‍റുമായ കെ ടി ബസാറിലെ കിഴക്കയില്‍ രമേശന്‍റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ 2.30ഓടെയായിരുന്നു സംഭവം.
കറന്‍റ് പോയതിനെ തുടര്‍ന്ന് ഇന്‍വര്‍ട്ടര്‍ ഓണാക്കുന്നതിനായി രമേശന്‍ എഴുന്നേറ്റപ്പോള്‍ അടുക്കളയോട് ചേര്‍ന്ന ഷെഡില്‍ ഉണ്ടായിരുന്ന വാഷിങ് മെഷീനും വിറകും കത്തുന്നതാണ് കണ്ടത്. ഉടനെ മറ്റുള്ളവരെ വിളിച്ചുണര്‍ത്തി തീ അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടോ മറ്റോ കാരണം തീപിടിച്ചതാകാം എന്നാണ് കരുതിയത്. രാവിലെ ഇദ്ദേഹത്തിന്റെ ഭാര്യ മുറ്റമടിക്കുമ്പോള്‍ വീടിന് ചുറ്റും രക്തക്കറ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
ഇതോടെയാണ് ആരോ ബോധപൂര്‍വം തീകൊടുത്തതാണെന്ന നിഗമനത്തിലേക്കെത്തിയത്. അക്രമണം നടത്തിയയാള്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്നുണ്ടായ രക്തക്കറ വീടിന്റെ ചുമരില്‍ പതിയുകയായിരുന്നുവെന്നാണ് കരുതുന്നത്. തുടര്‍ന്ന് വടകര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
content highlight : Police say investigation into attempted arson attack on Congress leader’s house is underway