അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാമ്പസിൽ ത്രിദിന അന്താരാഷ്ട്ര മാധ്യമ പഠന ഗവേഷണ ശില്പശാല ആരംഭിച്ചു. മുൻ ഡിജിപിയും കെഎംആർഎൽ എംഡിയുമായ ലോക്‌നാഥ് ബെഹ്റ ഐപിഎസ് ശില്പശാല ഉദ്ഘാടനം ചെയ്തു. മാധ്യമങ്ങൾ നിഷ്പക്ഷമായി പ്രവർത്തിക്കണമെന്നും വാർത്തകൾ തയ്യാറാക്കേണ്ടത് വസ്തുതകളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ചടങ്ങിലെ വിശിഷ്ടാതിഥിയായ സംസ്ഥാന പ്ലാനിംഗ് ബോർഡ് കൃഷി വകുപ്പ് മേധാവി നാഗേഷ് എസ്. എസ്. ഓൺലൈനായി പങ്കെടുത്തു. മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തി. നമ്മൾ കാണുന്നതും കേൾക്കുന്നതുമായ കാര്യങ്ങൾ വ്യക്തിത്വ വികസനത്തിന് വലിയ പങ്കുവഹിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊച്ചി ബ്രഹ്മസ്ഥാനം ക്യാമ്പസിൽ നടന്ന ചടങ്ങിൽ ക്യാമ്പസ് ഡയറക്ടറും ഡീനുമായ ഡോ. യു കൃഷ്ണകുമാർ സ്വാഗത പ്രസംഗം നടത്തി. അമൃത വിശ്വ വിദ്യാപീഠം വിഷ്വൽ മീഡിയ വിഭാഗം മേധാവി ഡോ. ഹരികൃഷ്ണൻ ഡി. നന്ദി പ്രകാശനം നടത്തി. വ്യാഴാഴ്ച വരെ നടക്കുന്ന ശില്പശാലയുടെ ഭാഗമായി കലാ സാംസ്കാരിക വ്യവസായ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചർച്ചകളും സംഘടിപ്പിക്കുന്നുണ്ട്.
STORY HIGHLIGHT: three day media studies research workshop has begin at Amrita