ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാളികൾ ഒന്നടങ്കം ആവേശത്തോടെ നോക്കിയിരുന്ന ചിത്രം എമ്പുരാന്‍ എത്താൻ മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ചിത്രത്തിലെ പല കഥാപാത്രങ്ങളെയും ഊഹിച്ച് കണ്ടെത്താനുള്ള ശ്രമം ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോഴിതാ ഏവരെയും പൊട്ടിച്ചിരിപ്പിക്കുന്ന പോസ്റ്ററുമായി എത്തിയിരിക്കുകയാണ് ‘മരണമാസ്’ ടീം.
എമ്പുരാൻ ചിത്രത്തിലെ വില്ലനെന്ന് കരുതപ്പെടുന്ന ഡ്രാഗണ്‍ ചിഹ്നമുള്ള ഷര്‍ട്ടിട്ട കഥാപാത്രം പിന്‍തിരിഞ്ഞുനില്‍ക്കുന്ന പോസ്റ്ററിന് സമാനമായ പോസ്റ്ററാണ് ‘മരണമാസ്’ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. എമ്പുരാന് വിജയാശംസകള്‍ നേര്‍ന്നുകൊണ്ടാണ് ചിത്രത്തിന്റെ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. നായകനായ ബേസിലിന്റെ കഥാപാത്രം തിരിഞ്ഞുനില്‍ക്കുന്നത് പോലെയുള്ളൊരു പോസ്റ്ററാണ് ഒരുക്കിയിരിക്കുന്നതും.
ഏറെ ആവേശത്തോടെ പോസ്റ്റർ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. നേരത്തെ എമ്പുരാനിലെ ഡ്രാഗണ്‍ ഷര്‍ട്ടുകാരന്‍ ബേസിലാണോ എന്ന ചോദ്യവും ആരാധകർക്കിടയിൽ ഉയർന്നിരുന്നു. എന്നാൽ ഈ ചോദ്യത്തിനുള്ള ബസിലിന്റെ മറുപടി ‘താനാണെങ്കില്‍ എന്തിനാണ് തിരിച്ചുനിര്‍ത്തുന്നത് നേരെ നിര്‍ത്തിയാല്‍ പോരെ’ എന്നായിരുന്നു.
ജതിന്‍ രാംദാസ് എന്ന പ്രധാന കഥാപാത്രത്തെ എമ്പുരാനിൽ അവതരിപ്പിക്കുന്ന ടൊവിനോ തോമസാണ് മരണമാസിന്റെ നിര്‍മാതാവ്. മാര്‍ച്ച് 27ന് രാവിലെ ആറ് മണിക്കാണ് എമ്പുരാന്റെ ആദ്യ ഷോ ആരംഭിക്കുന്നത്. മലയാള സിനിമ ചരിത്രത്തിൽ അഡ്വാന്‍സ് സെയില്‍സിലൂടെ 50 കോടി നേടി റെക്കോർഡിട്ടാണ് മോഹന്‍ലാല്‍ ചിത്രം തിയേറ്ററുകളിലെത്തുന്നത്. മുരളി ഗോപി തിരക്കഥ രചിച്ചിരിക്കുന്ന ചിത്രം ആശിര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ്, ഗോകുലം മൂവീസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
STORY HIGHLIGHT: maranamass movie poster goes viral