സിനിമ ലോകം ഒന്നടങ്കം ആകാംഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു എമ്പുരാൻ. മോഹൻലാൽ പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ ഒരുങ്ങിയ സിനിമ ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. ആദ്യ ഷോ കഴിഞ്ഞു മണിക്കൂറുകൾ പൂർത്തിയാകും മുന്നേ ചിത്രത്തിന്റെ വ്യാജ പതിപ്പുകൾ പ്രചരിക്കുന്നതായി റിപ്പോർട്ട്.
ടെലിഗ്രാം ഗ്രൂപ്പുകളിലും വിവിധ വെബ്‌സൈറ്റുകളിലുമാണ് വ്യാജ പതിപ്പ് പ്രചരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫില്മിസില്ല, മൂവിറൂള്‍സ്, തമിഴ്‌റോക്കേഴ്‌സ് എന്നീ വെബ്‌സൈറ്റുകളിലും ടെലഗ്രാം ആപ്പിലും വ്യാജപതിപ്പ് പ്രചരിക്കുന്നു എന്നാണ് വിവരം.
വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ സംവിധായകന്‍ പൃഥ്വിരാജ് കഴിഞ്ഞദിവസം പോസ്റ്റ് പങ്കുവച്ചിരുന്നു. ‘സ്‌പോയ്‌ലറുകളോടും പൈറസിയോടും നോ പറയാം’ എന്നാണ് പൃഥി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റ്.
ഇതാദ്യമായല്ല തിയേറ്ററിൽ എത്തിയ ഉടനെ ചിത്രങ്ങളുടെ വ്യാജ പതിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സമീപ കാലത്തതായി ഇറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളുടെയും വ്യാജ പതിപ്പുകള്‍ സിനിമ ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനെതിരെ സിനിമാ സംഘടനകൾ തന്നെ രംഗത്തെത്തിയിരുന്നു.
വ്യാഴാഴ്ച രാവിലെ ആറിനാണ് ചിത്രത്തിന്‍റെ ആദ്യപ്രദര്‍ശനം നടന്നത്. കേരളത്തില്‍ മാത്രം 746 സ്ക്രീനുകളിലായി നാലായിരത്തി അഞ്ഞൂറിലധികം ഷോകളുണ്ടായിരുന്നു. അഡ്വാൻസ് ബുക്കിങ്ങിലൂടെ ‘എമ്പുരാൻ’ ആദ്യ ദിനം 50 കോടി ക്ലബിലെത്തിയിരുന്നു. ഇതാദ്യമായാണ് ഒരു മലയാള ചിത്രം ഈ നേട്ടം കൈവരിക്കുന്നത്. ആദ്യ വീക്കെൻഡിലെ ഗ്ലോബൽ കലക്‌ഷൻ 80 കോടി കടക്കുമെന്നാണ് റിപ്പോർട്ട്.
2019ൽ പുറത്തിറങ്ങിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗമായി മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ആശിർവാദ് സിനിമാസും ഗോകുലം മൂവീസുമാണ് നിർമിച്ചത്. വിദേശതാരങ്ങൾ ഉൾപ്പെടെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.