മുടി കൊഴിച്ചിൽ ഇന്ന് എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. പലവിധത്തിലുള്ള പ്രതിവിധികൾ നോക്കിയിട്ടും മുടികൊഴിച്ചിലിൽ നിന്ന് രക്ഷനേടാൻ പറ്റാത്തവരാണ് പലരും. മുടികൊഴിച്ചിലിന്റെ കൃത്യമായ കാരണം അറിഞ്ഞാലേ അതിനുള്ള പ്രതിവിധി കണ്ടെത്താനാകൂ. നമ്മൾ ശരിയെന്ന് കരുതി ചെയ്യുന്ന പല കാര്യങ്ങളുമാണ് മുടി കൊഴിച്ചിലിന് കാരണമാകുന്നത്. തലമുടി കഴുകുമ്പോള്‍ ആവര്‍ത്തിക്കുന്ന ചില തെറ്റുകളെ കുറിച്ചാണ് ഇനി പറയുന്നത്.
ഒരിക്കലും മുടി കഴുകാൻ ചൂടുവെള്ളം ഉപയോഗിക്കരുത്. തണുത്ത വെള്ളത്തിൽ തന്നെ മുടി കഴുകുക. ഷാംപൂ ഉപയോഗിച്ച ശേഷം കണ്ടീഷണർ നിർബന്ധമായും അപ്ലൈ ചെയ്യുക. ഷാംപൂ ചെയ്യുമ്പോൾ ഡ്രൈ ആകുന്ന മുടിക്ക് ഒതുക്കം കിട്ടാൻ കണ്ടീഷണർ സഹായിക്കും. ഷാംപൂ ഒരിക്കലും മുടിയുടെ നീളത്തിൽ പുരട്ടരുത്. ഒരു കപ്പിൽ പകുതി വെള്ളം എടുത്ത ശേഷം അതിലേക്ക് ആവശ്യമായ അളവിൽ ഷാംപൂ ഒഴിച്ച് പതപ്പിച്ചു മുടിയുടെ സ്കാൽപിൽ മാത്രം പുരട്ടി നന്നായി അഴുക്ക് പോയി കഴിഞ്ഞ് കഴുകുക. മുടിയുടെ അറ്റത്തെക്ക് ഷാംപൂ ഉപയോഗിക്കരുത്. മുടി പൊട്ടിപ്പോകാൻ ഇത് കാരണമാകും.
കണ്ടീഷണർ ഒരിക്കലും സ്കാൽപിൽ അപ്ലൈ ചെയ്യരുത്. മുടിയിൽ മാത്രം കണ്ടീഷണർ ഉപയോഗിക്കുക. കണ്ടീഷണർ ഉപയോഗിക്കുമ്പോൾ മുടിയിൽ ഒരുപാട് വെള്ളം നിലനിർത്തേണ്ട ആവശ്യമില്ല. മുടിയിലെ വെള്ളം പിഴിഞ്ഞ് കളഞ്ഞ ശേഷം ചെറിയ നനവിൽ കണ്ടീഷണർ പുരട്ടുക. കുളിക്കാൻ പോകുമ്പോൾ മുടി ചീകി ഒതുക്കാതെ കുരുങ്ങിയ മുടിയുമായി തല കഴുകരുത്. തല കഴുകുന്നതിന് മുമ്പ് എപ്പോഴും മുടി നന്നായി ചീകി കുരുക്കുകൾ കളഞ്ഞ് ഒതുക്കുക. കുരുക്കുകൾ ഉള്ള മുടി കഴുകിയാൽ മുടി ഊരാൻ സാധ്യത കൂടുതലാണ്.
അതുപോലെ നനഞ്ഞ മുടി ഒരിക്കലും ചീകരുത്. പലപ്പോഴും ആവർത്തിക്കുന്ന ഈ തെറ്റ് മുടി കൊഴിച്ചിൽ വർധിപ്പിക്കും. മുടി ഉണങ്ങിയ ശേഷം മാത്രം ചീകുക. മുടി ചീകുമ്പോൾ വലിയ പല്ലുകൾ ഉള്ള ചീപ്പ് തെരഞ്ഞെടുക്കുക.