എംപുരാൻ തിയേറ്ററുകളിൽ എത്തിയ ആദ്യ ദിനത്തിൽ സിനിമയെ കുറിച്ചുള്ള ചർച്ചകൾ രാഷ്ട്രീയ തലത്തിലേക്ക് വഴിമാറി. വലതുപക്ഷ പ്രത്യയശാസ്ത്രത്തെ ചിത്രം അവഹേളിക്കുന്നതായി ആരോപിച്ചാണ് ചർച്ചകൾ. ഹിന്ദു വിരുദ്ധത പ്രചരിപ്പിക്കുവാൻ പൃഥിരാജ് മോഹൻലാലിനെ കരുവാക്കിയെന്നും തീവ്ര വലത് സൈബർ ഹാൻഡിലുകൾ പ്രചരിപ്പിക്കുന്നു.
മോഹൻലാലിനേയും അദ്ദേഹത്തിന്റെ ആരാധകരേയും പൃഥ്വിരാജ് വഞ്ചിച്ചു എന്നും ചിലർ ആരോപിക്കുന്നു. വലതുപക്ഷ സോഷ്യൽ മീഡിയ അക്കൗണ്ടുകളാണ് ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഹിന്ദുക്കളെ വില്ലൻമാരായി ചിത്രീകരിക്കുന്ന, ഹിന്ദു വിരുദ്ധ പ്രചാരണമാണ് ചിത്രം നടത്തുന്നത് എന്നാണ് മറ്റൊരു പോസ്റ്റ്. ഈ സിനിമക്ക് ചില ഗൂഢലക്ഷ്യങ്ങളുണ്ടെന്നാണ് മറ്റൊരു ആരോപണം.
അതേസമയം ഇടതുപക്ഷ പേജുകൾ തുടക്കത്തിൽ ജാഗ്രത പാലിച്ചാണ് പ്രതികരിച്ചത്. പൃഥ്വിരാജ് സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ചു എന്നായിരുന്നു തുടക്കത്തിലെ ചില പ്രതികരണങ്ങൾ. അദ്ദേഹം അക്കാര്യത്തിൽ ധൈര്യം കാണിച്ചതിൽ അഭിനന്ദനം അർഹിക്കുന്നതായും ചില ഇടതുപക്ഷ പേജുകൾ പ്രതികരിച്ചു.
ഒരു ബിഗ് ബജറ്റ് പടത്തിൽ കാര്യങ്ങൾ പച്ചയ്ക്ക് പറയാൻ ചില്ലറ ധൈര്യം പോര. സിനിമയുടെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ എന്നായിരുന്നു ബിനീഷ് കോടിയേരിയുടെ പ്രതികരണം. വലതു പക്ഷത്തെ വിമർശിക്കുമ്പോഴും അവരുടെ പ്രത്യശാസ്ത്രത്തെ സിനിമ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അതൊരു കെണിയാണെന്നുമാണ് ചിലരുടെ പക്ഷം. മുൻ കോൺഗ്രസ് എംഎൽഎ വിടി ബൽറാം ഫെയ്സ്ബുക്കിൽ ഇടതുപക്ഷത്തേയും വലതു പക്ഷത്തേയും ട്രോളി എംപുരാൻ കണ്ടിട്ടില്ല എന്നൊരു കുറിപ്പാണ് പങ്കിട്ടത്.
ഇതൊന്നുമല്ലാത്ത മറ്റൊരു വീക്ഷണവും ഒരാൾ പങ്കിടുന്നുണ്ട്. അതിങ്ങനെ- പൃഥ്വിരാജ് വളരെ മിടുക്കനെന്നു പറഞ്ഞാണ് കുറിപ്പ്. ചിത്രം ജിഹാദികൾക്കെതിരെയാണെന്നും വലതു പക്ഷക്കാരെ കാണാൻ പ്രേരിപ്പിക്കുന്നതാണ് എന്നൊരു ധാരണയാണ് തുടക്കത്തിൽ നൽകുന്നതെന്നും ഈ കുറിപ്പിൽ പറയുന്നു. എതിർ പ്രേക്ഷകരുടെ വിരോധം മുതലെടുത്തു സിനിമ വിജയിപ്പിക്കാനുള്ള തന്ത്രമാണ് പൃഥ്വിരാജ് പയറ്റുന്നത് എന്നുമാണ് കുറിപ്പിൽ പറയുന്നത്.
content highlight: Empuraan movie