Movie News

‘ആഭ്യന്തര മന്ത്രിയാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്ന് പച്ചയ്ക്ക് പറയാൻ ചില്ലറ ധൈര്യം പോര’: ‘എമ്പുരാന്‍ ’ അണിയറപ്രവർത്തകരെ പ്രശംസിച്ച് ബിനീഷ് കോടിയേരി | bineesh-kodiyeri

മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണ്

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാന്‍ ഇന്നലെ മാര്‍ച്ച് 27-നാണ് ആഗോള റിലീസായി എത്തിയത്. ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണ്. മാര്‍ച്ച് 27-ന് ഇന്ത്യന്‍ സമയം രാവിലെ ആറ് മണി മുതല്‍ ചിത്രത്തിന്റെ ആഗോള പ്രദര്‍ശനം ആരംഭിച്ചു. ചിത്രത്തിന്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷന്‍ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ്. ദില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ചിത്രം ആന്ധ്ര- തെലുങ്കാന സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുമ്പോള്‍, അനില്‍ തഡാനി നേതൃത്വം നല്‍കുന്ന എഎ ഫിലിംസാണ് ചിത്രം നോര്‍ത്ത് ഇന്ത്യയില്‍ എത്തിക്കുന്നത്. കര്‍ണാടകയിലെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ കന്നഡയിലെ വമ്പന്‍ സിനിമാ നിര്‍മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്.

ഇപ്പോഴിതാ ‘എമ്പുരാൻ’ സിനിമയുടെ പ്രമേയത്തില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയം പറയാൻ ചില്ലറ ധൈര്യം പോരെന്ന് പറയുകയാണ് നടൻ ബിനീഷ് കോടിയേരി. ഇന്ത്യയിലെ രാഷ്ട്രീയ സ്ഥിതിയായി സിനിമയിൽ കാണിക്കുന്ന ചില കാര്യങ്ങൾ പച്ചയ്ക്കാണ് പറയുന്നതെന്നും അതിനു ധൈര്യം കാണിച്ച എമ്പുരാൻ സിനിമയുടെ അണിയറക്കാർക്ക് അഭിനന്ദനങ്ങളെന്നും ബിനീഷ് കുറിച്ചു.

‘‘ഇന്നത്തെ ഇന്ത്യയിൽ ഒരു ബിഗ് ബജറ്റ് പടം സംഘപരിവാർ ഗുജറാത്തിൽ കലാപം നടത്തി രാജ്യം ഭരിക്കുകയാണ് എന്ന് പറയുന്നുണ്ടെങ്കിൽ അതിൽ ആഭ്യന്തര മന്ത്രിയാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത് എന്ന് പച്ചയ്ക്ക് പറയുന്നുണ്ടെങ്കിൽ അതിന് ചില്ലറ ധൈര്യം പോര. സിനിമയുടെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.’’–ബിനീഷ് കോടിയേരിയുടെ വാക്കുകൾ.

‘എമ്പുരാന്റെ’ കഥ തുടങ്ങുന്നത് തന്നെ ഉത്തരേന്ത്യയിൽനിന്നാണ്. കൃത്യമായി പറഞ്ഞാൽ ഗുജറാത്തിലെ ഗോധ്ര കലാപത്തിന്റെ ഓർമപ്പെടുത്തലുകളുള്ള ഫ്രെയിമുകളിലൂടെ. സിനിമയിലെ അതിവൈകാരിക രംഗം കൂടിയാണിത്. പതിനഞ്ച് മിനിറ്റ് നീണ്ടു നിൽക്കുന്ന ഫ്ലാഷ് ബാക്ക് രംഗം സാങ്കേതികപരമായും മികവു പുലർത്തുന്നു.

content highlight: bineesh-kodiyeri-praises-empuraan team