Movie News

എംപുരാൻ വ്യാജ പതിപ്പ്; ഫുള്‍ എച്ച് ഡി പതിപ്പ് ചോര്‍ന്നത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് | Empuraan movie

27ന് ആണ് ചിത്രം പുറത്തിറങ്ങിയത്

എംപുരാന്റെ വ്യാജ പതിപ്പുകള്‍ ഇറങ്ങിയത് ഫുള്‍ എച്ച്ഡി നിലവാരത്തിലുള്ളതെന്ന് സ്ഥിരീകരണം. 27ന് ആണ് ചിത്രം പുറത്തിറങ്ങിയത്. തിയറ്ററുകളില്‍ നിന്നു പകര്‍ത്തിയതാകാന്‍ സാധ്യതയില്ലെന്നാണ് വിദ​ഗ്ധർ പ്രതികരിക്കുന്നത്. ഹൈ ക്വാളിറ്റി പതിപ്പ് ടെല​ഗ്രാമിലൂടെയാണ് പ്രചരിപ്പിച്ചത്.

ചിത്രത്തിന്റെ മലയാളം, ഹിന്ദി, തമിഴ് പതിപ്പുകളാണു ചോര്‍ന്നത്. റിലീസ് ചിത്രങ്ങളുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകളിലെല്ലാം ഇതേ പ്രിന്റ് തന്നെയാണു അപ്ലോഡ് ചെയ്തിട്ടുള്ളത്.  തിയറ്ററുകളില്‍ നിന്നു പകര്‍ത്തുന്ന പതിപ്പുകള്‍ക്കു സാധാരണഗതിയില്‍ ദൃശ്യശബ്ദ നിലവാരം കുറവായിരിക്കും. ചിത്രം ചോര്‍ന്നതു തിയറ്ററുകളില്‍ നിന്നല്ലെങ്കില്‍ പിന്നെ എവിടെ നിന്ന് എന്ന ചോദ്യം സിനിമാ മേഖലയില്‍ നിന്നു തന്നെ ഉയരുന്നുണ്ട്. ചിത്രം വ്യാഴാഴ്ച തിയറ്ററുകളില്‍ റിലീസ് ചെയ്തു 10 മണിക്കൂറിനുള്ളിലാണു ടെലഗ്രാമിലും വെബ്‌സൈറ്റുകളിലും വ്യാജ പതിപ്പ് എത്തിയത്.

എന്നാല്‍ ഇത് സംബന്ധിച്ച പരാതി ലഭിച്ചിട്ടില്ലെന്നാണ് കൊച്ചി സൈബര്‍ പൊലീസ് പറയുന്നത്. പരാതി കിട്ടിയാല്‍ അന്വേഷണം ആരംഭിക്കുമെന്നും വെബ്‌സൈറ്റുകളില്‍ നിന്നു ചിത്രം നീക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. ചിത്രങ്ങളുടെ വ്യാജ പകര്‍പ്പുകള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ പ്രഫഷനല്‍ എത്തിക്കല്‍ ഹാക്കര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്നു കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. വ്യാജ പതിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയും കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കു കര്‍ശനമായ നിയമനടപടി നേരിടേണ്ടി വരുമെന്നും അസോസിയേഷന്‍ മുന്നറിയിപ്പു നല്‍കി.

content highlight: Empuraan movie