ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ 2025-2026 അക്കാദമിക വര്‍ഷം മുതല്‍ സര്‍വ്വകലാശാലയ്ക്ക് എന്‍.സി.ടി.ഇ. അനുമതി നല്‍കിയ നൂതന പദ്ധതിയായ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എഡ്യൂക്കേഷന്‍ പ്രോഗ്രാം (ഐ.ടി.ഇ.പി) ആരംഭിക്കും. ആകെ അന്‍പത് സീറ്റാണ് അനുവദിച്ചിരിക്കുന്നത്. കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ ഉറുദുവില്‍ നാലുവര്‍ഷ ബിരുദ പ്രോഗ്രാമും, ഏറ്റുമാനൂര്‍ പ്രാദേശിക കേന്ദ്രത്തില്‍ പി.ജി ഡിപ്ലോമ ഇന്‍ ആയുര്‍വേദ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് പ്രോഗ്രാമും ആരംഭിക്കും. സര്‍വ്വകലാശാലയുടെ കാലടിയിലെ മുഖ്യക്യാമ്പസില്‍ ചേര്‍ന്ന സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ അവതരിപ്പിച്ച 2025-2026 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലാണ് ഈ തീരുമാനങ്ങള്‍. ഫിനാന്‍സ് സ്ഥിരം സമിതി കണ്‍വീനര്‍ അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ ആണ് ബജറ്റ് അവതരിപ്പിച്ചത്.
154.93 കോടി രൂപ വരവും 169.49 കോടി രൂപ ചെലവുമുളള 14.56 കോടി രൂപയുടെ കമ്മി ബജറ്റാണ് അവതരിപ്പിച്ചത്. സര്‍വ്വകലാശാലയെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുന്നതിന് ഉതകുന്ന രീതിയിലും മാറുന്ന കാലഘട്ടത്തിന് അനുയോജ്യവുമായ നൂതന സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുന്ന രീതിയിലുളള ന്യുജന്‍ കോഴ്‌സുകള്‍, നിലവിലുളള കോഴ്‌സുകളുമായി സംയോജിപ്പിച്ച് നടപ്പാക്കും. ഒരു പഠന വകുപ്പിലുളള ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സ് പഠനത്തോടൊപ്പം മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് പി. ജി. ഡിപ്ലോമ പഠിക്കുന്നതിന് സാധ്യമാകുന്ന രീതിയിലുളള കോഴ്‌സുകള്‍ വിഭാവനം ചെയ്ത് ആരംഭിക്കും. വിവിധ പഠന വകുപ്പുകളുടെ സഹകരണത്തോടെ പി. ജി. വിദ്യാര്‍ത്ഥികള്‍ക്ക് ആഡ് ഓണ്‍ കോഴ്‌സുകള്‍ പഠിക്കുന്നതിനുളള സൗകര്യം ഒരുക്കുമെന്നും ബജറ്റില്‍ പറയുന്നു.
അന്തര്‍ സര്‍വ്വകലാശാല കായിക മത്സരങ്ങള്‍ സര്‍വ്വകലാശാല ഏറ്റെടുത്ത് സംഘടിപ്പിക്കും. വിവിധ വിദേശ സര്‍വ്വകലാശാലകളുമായി സഹകരിച്ച് വിദ്യാര്‍ത്ഥികളെ കൈമാറ്റം ചെയ്യുന്ന പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിനും മറ്റ് നടപടികള്‍ക്കുമായി ഒരു കോടി രൂപ വകയിരുത്തി. സെന്റര്‍ ഫോര്‍ ഓണ്‍ ലൈന്‍ സ്റ്റഡീസിനെ ശാക്തീകരിക്കുന്നതിന് 90 ലക്ഷം രൂപ അനുവദിച്ചു. റിസര്‍ച്ച് ഫെലോഷിപ്പുകള്‍ക്കായി മൂന്ന് കോടി രൂപയും ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും പ്രാദേശിക കേന്ദ്രങ്ങളുടെ ഐ. ടി. അനുബന്ധ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും അമ്പത് ലക്ഷം രൂപയും റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 25 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. സര്‍വ്വകലാശാലയിലെ വിവിധ പഠനകേന്ദ്രങ്ങള്‍ക്ക് 30 ലക്ഷം രൂപയും ശ്രീ ശങ്കരാചാര്യ അന്താരാഷ്ട്ര പഠനകേന്ദ്രത്തിന് 10 ലക്ഷം രൂപയും അനുവദിച്ചു.
കാലടി മുഖ്യകേന്ദ്രത്തിലെയും വിവിധ പ്രാദേശിക കേന്ദ്രങ്ങളിലെയും ലൈബ്രറികളിലേയ്ക്ക് പുസ്തകങ്ങളും ജേര്‍ണലുകളും വാങ്ങുന്നതിനായി ഒരു കോടി രൂപ ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. ഓണ്‍ ലൈന്‍ ജേര്‍ണലുകള്‍ വാങ്ങുന്നതിന് പ്രാധാന്യം നല്‍കുമെന്ന് ബജറ്റില്‍ പറയുന്നു. സംസ്‌കൃത പ്രചരണ വിഭാഗം ശക്തിപ്പെടുത്തുന്നതിന് ബജറ്റില്‍ 30 ലക്ഷം രൂപയും സാന്‍സ്‌ക്രിറ്റ് എന്‍കറേജ്‌മെന്റ് സ്‌കോളര്‍ഷിപ്പിനായി 50 ലക്ഷം രൂപയുമാണ് ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്. സര്‍വ്വകലാശാലയില്‍ മികച്ച രീതിയില്‍ നടന്നു വരുന്ന പ്രോജക്ട് മോഡ് കോഴ്‌സുകളുടെ നടത്തിപ്പിലേയ്ക്കായി 50 ലക്ഷം രൂപ അനുവദിച്ചു. പബ്ലിക്കേഷന്‍ ഡിവിഷന്‍ ശാക്തീകരിക്കുന്നതിനും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനും 40 ലക്ഷം രൂപയും ഓണ്‍ലൈന്‍ /റിസര്‍ച്ച് ജേണലുകള്‍ പ്രസിദ്ധീകരിക്കുന്നതിനായി 25 ലക്ഷം രൂപയും പ്രാദേശിക കേന്ദ്രങ്ങളുടെയും
മുഖ്യകേന്ദ്രത്തിന്റെയും ഓണ്‍ലൈന്‍ കണക്ടിവിറ്റി വര്‍ദ്ധിപ്പിക്കുന്നതിനും ഐ. ടി. ഇന്‍ഫ്രാസ്ട്രക്ചര്‍ ഒരുക്കുന്നതിനുമായി 50ലക്ഷം രൂപയും വിവിധ പ്രാദേശിക കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 50 ലക്ഷം രൂപയും ബജറ്റില്‍ വകിയിരുത്തിയിട്ടുണ്ട്. പദ്ധതിയേതര ധനസഹായമായി 7614.11 ലക്ഷം രൂപയും പദ്ധതി ധനസഹായമായി 2205 ലക്ഷം രൂപയുമാണ് സര്‍ക്കാര്‍ 2025-2026 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ധനസഹായം ഉള്‍പ്പെടെ പദ്ധതിയേതര ഇനത്തില്‍ 8157.23 ലക്ഷം രൂപയും പദ്ധതിയിനത്തില്‍ 2838 ലക്ഷം രൂപയും വരുമാനം പ്രതീക്ഷിക്കുന്നു. പദ്ധതിയിനത്തില്‍ 2838 ലക്ഷം രൂപയുടെയും പദ്ധതിയേതര ഇനത്തില്‍ 9613 ലക്ഷം രൂപയുടെയും ചെലവുകളും ബജറ്റ് വിഭാവനം ചെയ്യുന്നു. വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി അധ്യക്ഷയായിരുന്നു.
CONTENT HIGH LIGHTS;Sanskrit University budget with ‘Newgen’ courses: Three new courses; Add-on courses for PG students; Deficit budget of Rs. 14.56 crore presented