Thrissur

ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച് കൊന്നയാള്‍ക്ക് വിടുതല്‍ നല്കണമെന്ന് പ്രതിയുടെ അമ്മ; ഹര്‍ജി പരിഗണിക്കാന്‍ കഴിയില്ലെന്ന് ജയില്‍ ഡിജിപി

പ്രതി മദ്യപാനിയും സ്ഥിരം വഴക്കാളിയുമായിരുന്നതിനാല്‍ സമാന കുറ്റകൃത്യത്തിന് സാധ്യതയുണ്ടെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്.

തൃശൂര്‍: ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച് കൊന്നയാള്‍ക്ക് അകാല വിടുതല്‍ നല്‍കണമെന്ന പ്രതിയുടെ അമ്മയുടെ ഹര്‍ജി തത്കാലം പരിഗണിക്കാന്‍ കഴിയില്ലെന്ന് ജയില്‍ ഡിജിപി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. ജയില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് സ്വീകരിച്ച കമ്മിഷന്‍ അംഗം വി. ഗീത പ്രതിയുടെ അമ്മ കമ്മിഷനില്‍ സമര്‍പ്പിച്ച അപേക്ഷ തീര്‍പ്പാക്കി.

കടത്തിണ്ണയില്‍ കിടന്നുറങ്ങുകയായിരുന്ന തമിഴ് ദമ്പതികളുടെ ഏഴുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം മഴയത്ത് ഉപേക്ഷിക്കുകയായിരുന്നു പ്രതി.  ശ്വാസകോശത്തില്‍ വെള്ളം കയറി കുഞ്ഞ് മരിച്ചു. മകന്‍ 18 വര്‍ഷമായി വിയ്യൂര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണെന്നും 78 വയസായ തന്‍റെ രോഗദുരിതങ്ങള്‍ കണക്കിലെടുത്ത് മകന് അകാലവിടുതല്‍ നല്‍കണമെന്നായിരുന്നു പ്രതി ബാബുവിന്‍റെ അമ്മ അഴീക്കോട് സ്വദേശിനി കമലാക്ഷിയുടെ ആവശ്യം.

തുടര്‍ന്ന് ജയില്‍ ഡിജിപിയില്‍നിന്ന് കമ്മിഷന്‍ റിപ്പോര്‍ട്ട് വാങ്ങി. 2022, 23, 24 വര്‍ഷങ്ങളില്‍ പ്രതിയുടെ അകാലവിടുതല്‍ ജയില്‍ ഉപദേശക സമിതിക്ക് മുന്നില്‍ സമര്‍പ്പിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിയുടെ പ്രൊബേഷന്‍ റിപ്പോര്‍ട്ട് അനുകൂലവും പൊലീസ് റിപ്പോര്‍ട്ട് പ്രതികൂലവുമായിരുന്നു. പ്രതി മദ്യപാനിയും സ്ഥിരം വഴക്കാളിയുമായിരുന്നതിനാല്‍ സമാന കുറ്റകൃത്യത്തിന് സാധ്യതയുണ്ടെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. പീഡന കേസില്‍ പ്രതിയായതിനാല്‍ പ്രതിക്ക് സാധാരണ അവധിക്ക് അര്‍ഹതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

content highlight : mother-seeks-release-of-son-who-has-been-in-jail-for-18-years