Celebrities

സിനിമ ടിക്കറ്റ് നിരക്കിലും പോപ്പ്കോണിന്‍റെ വിലയിലും നിയന്ത്രണം വേണമെന്ന് സൽമാൻ ഖാൻ, കെെയ്യടിച്ച് സോഷ്യൽ മീഡിയ | Salman Khan

സിക്കന്ദറിന്റെ പ്രമോഷനായെത്തിയപ്പോഴായിരുന്നു താരം ഇക്കാര്യം പറഞ്ഞത്

തിയറ്ററിലെ ടിക്കറ്റ് നിരക്കിലും പോപ്പ് കോൺ വിലയിലുമൊക്കെ നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് നടൻ സൽമാൻ ഖാൻ. എ ആർ മുരുഗദോസ് സംവിധാനം ചെയ്ത് സൽമാൻ ഖാൻ നായകനായിനെത്തുന്ന ആക്ഷൻ ചിത്രമായ സിക്കന്ദറിന്റെ പ്രമോഷനായെത്തിയപ്പോഴായിരുന്നു താരം ഇക്കാര്യം പറഞ്ഞത്. രാജ്യത്ത് കുത്തനെ നിരക്കുകൾ കൂട്ടിയാണ് പല തിയറ്ററുകളും പ്രവർത്തിക്കുന്നത്. ഇതിനെതിരെയാണ് സൽമാൻ ഖാന്റെ പ്രതികരണം.

ബോളിവുഡ് നേരിടുന്ന പ്രതിസന്ധി അടക്കം വിശദമായി സംസാരിച്ച സല്‍മാന്‍ ഖാന്‍ രാജ്യത്തെ തിയേറ്ററുകളില്‍ കർണാടക സർക്കാർ ഏര്‍പ്പെടുത്തിയ പോലെ സിനിമാ ടിക്കറ്റുകൾക്ക് പരമാവധി 200 രൂപ എന്ന രീതിയില്‍ പരിധി ഏർപ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ടു.

‘സിനിമാ ടിക്കറ്റുകളുടെ വിലയ്ക്ക് ഒരു പരിധി വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഒപ്പം തിയേറ്ററിൽ ലഭിക്കുന്ന പോപ്‌കോണിന്റെയും പാനീയങ്ങളുടെയും വിലയിൽ ഒരു പരിധി വേണം. നിർമാതാവിനും അതിൽ നിന്ന് ഒരു വിഹിതം ലഭിക്കുകയും വേണം. നമ്മുടെ രാജ്യത്ത് കുറഞ്ഞത് 20,000+ തിയേറ്ററുകളുടെ കുറവുണ്ട്. ഞങ്ങളുടെ സിനിമ വെറും 6000 സ്‌ക്രീനുകളിൽ മാത്രമാണ് റിലീസ് ചെയ്യുന്നത്. രാജസ്ഥാനിലെ മാണ്ടവയിൽ ഞങ്ങൾ ബജ്രംഗി ഭായിജാൻ എന്ന സിനിമയുടെ ഷൂട്ടിംഗ് നടത്തുകയായിരുന്നു, ആ പട്ടണത്തില്‍ തന്നെ 100 കോടീശ്വരന്മാര്‍ എങ്കിലും ഉണ്ട്. പക്ഷെ ആ പട്ടണത്തിൽ ഒരു തിയേറ്റർ പോലും ഇല്ല. ഒരു സിനിമ കാണാൻ അവര്‍ രണ്ടര മണിക്കൂര്‍ ഡ്രൈവ് ചെയ്യണം. രാജ്യത്ത് സിനിമാ ഹാളുകളുടെ കുറവുണ്ട്’, സൽമാൻ ഖാൻ പറഞ്ഞു.

മാസ് സിനിമയും ക്ലാസ് സിനിമയും തമ്മിലുള്ള വേർതിരിവ് ഇപ്പോൾ ഇല്ലാതായിരിക്കുന്നെന്നും ഇപ്പോൾ മൾട്ടിപ്ലെക്സുകളിൽ പോലും ആളുകൾ വിസിലടിക്കാൻ തുടങ്ങിയിരിക്കുന്നു എന്നും സൽമാൻ പറഞ്ഞു. ‘സിംഗിള്‍ സ്ക്രീനില്‍ വലിയ ആരാധക ബഹളത്തില്‍ സിനിമ കാണുവാന്‍ ആളുകള്‍ക്ക് താൽപര്യമാണ്. അതിനാല്‍ മള്‍ട്ടിപ്ലെക്സ് വിട്ട് ഇത്തരം സ്ക്രീനുകളില്‍ സിനിമ കാണാന്‍ വരുന്നവരും ഉണ്ട്’, സൽമാൻ കൂട്ടിച്ചേർത്തു.

content highlight: Salman Khan