തിരുവനന്തപുരം: സൗദി അറേബ്യയിലേക്ക് വീണ്ടും മികച്ച തൊഴില്‍ അവസരം. കേരള സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ നോർക്ക വഴിയാണ് നിയമനം. സൗദി അറേബ്യന്‍ ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ വരുന്ന ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്സ് സ്റ്റാഫ് നഴ്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നത്. ഉദ്യോഗാർത്ഥികള്‍ക്ക് ഏപ്രില്‍ ഏഴ് വരെ അപേക്ഷിക്കാം. വനിതകള്‍ക്ക് മാത്രമാണ് നിലവിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുക. വിശദ വിവരങ്ങള്‍ താഴെ അറിയാം.
ഒഴിവുകള്‍
വിവിധ വിഭാഗങ്ങളിലെ ഒഴിവുകളിലേക്കാണ് നിയമനം. പി ഐ സി യു (പീഡിയാട്രിക് ഇന്റന്‍സീവ് കെയർ യൂണിറ്റ്) നാലു ഒഴിവുകളിലേയ്ക്കും, എന്‍ ഐ സി യു (ന്യൂബോൺ ഇന്റന്‍സീവ് കെയർ യൂണിറ്റ്), കാർഡിയാക് ഐ സി യു-പീഡിയാട്രിക്സ്, ഡയാലിസിസ് സ്പെഷ്യാലിറ്റികളിലെ ഒന്നും ഒഴിവുകളിലേയ്ക്കാണ് അവസരം.
ആർക്കൊക്കെ അപേക്ഷിക്കാം
നഴ്സിങില്‍ ബി എസ് സി അല്ലെങ്കില്‍ പോസ്റ്റ് ബേസിക് ബി എസ് സി വിദ്യാഭ്യാസയോഗ്യതയും സ്പെഷ്യാലിറ്റികളില്‍ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഇതിനോടൊപ്പം സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യലിസ്റ്റുകളിൽ നിന്നുള്ള പ്രൊഫഷണൽ ക്ലാസ്സിഫിക്കേഷനും (മുമാരിസ് + വഴി), എച്ച് ആര്‍ ഡി അറ്റസ്റ്റേഷന്‍, ഡാറ്റാഫ്ലോ പരിശോധന എന്നിവ പൂര്‍ത്തിയാക്കിയവര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക.
വിശദമായ CV യും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം www.norkaroots.org www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകൾ സന്ദര്‍ശിച്ച് അപേക്ഷ നല്‍കാവുന്നതാണ്. ഇതിനായുളള അഭിമുഖം ഏപ്രിലില്‍ എറണാകുളത്ത് (കൊച്ചി) നടക്കും. അപേക്ഷകര്‍ മുന്‍പ് എസ് എ എം ആർ പോർട്ടലിൽ രജിസ്റ്റര്‍ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്പോര്‍ട്ടും ഉളളവരാകണം. അഭിമുഖസമയത്ത് പാസ്സ്പോര്‍ട്ട് ഹാജരാക്കേണ്ടതാണ്.
രജിസ്ട്രേഷന്‍ ഫീസ് എത്ര
റിക്രൂട്ട്മെന്റിന് 30,000 രൂപയും ജി എസ് ടി യും ഫീസായി ഈടാക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് വിഭാഗത്തിന്റെ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
content highlight: nursing-opportunities-through-norka-recruitment