Movie News

എമ്പുരാനിൽ നിന്ന് നീക്കം ചെയ്തത് മൂന്ന് മിനുട്ടോളം ഭാഗം; റീ എഡിറ്റ് പതിപ്പ് തിങ്കളാഴ്ച മുതല്‍ | empuraan-re-edited-version

മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണ്

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാന്‍ മാര്‍ച്ച് 27-നാണ് ആഗോള റിലീസായി എത്തിയത്. ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണ്. മാര്‍ച്ച് 27-ന് ഇന്ത്യന്‍ സമയം രാവിലെ ആറ് മണി മുതല്‍ ചിത്രത്തിന്റെ ആഗോള പ്രദര്‍ശനം ആരംഭിച്ചു. ചിത്രത്തിന്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷന്‍ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ്. ദില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ചിത്രം ആന്ധ്ര- തെലുങ്കാന സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുമ്പോള്‍, അനില്‍ തഡാനി നേതൃത്വം നല്‍കുന്ന എഎ ഫിലിംസാണ് ചിത്രം നോര്‍ത്ത് ഇന്ത്യയില്‍ എത്തിക്കുന്നത്. കര്‍ണാടകയിലെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ കന്നഡയിലെ വമ്പന്‍ സിനിമാ നിര്‍മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്.

ചിത്രത്തിനെതിരെ സംഘപരിവാര്‍ അനുകൂലികളില്‍ നിന്നും വിമര്‍ശനം ഉയരുന്നുണ്ട്. ചിത്രത്തിനെതിരെ ക്യാന്‍സര്‍ ക്യാംപെയിനും ആരംഭിച്ചിട്ടുണ്ട്. അതിനിടെ റീ എഡിറ്റഡ് ചെയ്ത എമ്പുരാൻ നാളെമുതൽ പ്രദര്‍ശിപ്പിച്ച് തുടങ്ങും. ഞായറാഴ്ച തന്നെ റീ എഡിറ്റിംഗ് പൂര്‍ത്തിയായകാണ് വിവരം.  മൂന്നു മിനുട്ട് ഭാഗം ചിത്രത്തില്‍ നിന്നും നീക്കം ചെയ്തുവെന്നാണ് വിവരം.

അവധി ദിവസം ആയിട്ടും റീ എഡിറ്റിനു അനുമതി നല്കാൻ സെൻസർ ബോർഡ് ചേർന്നു. ബോർഡ് അനുമതി നൽകിയത് അല്പം മുൻപ്. കേന്ദ്ര സെൻസർ ബോർഡാണ് റീ എഡിറ്റിംഗ് നിര്‍ദേശം നല്‍കിയത് എന്നാണ് വിവരം.

അതേ സമയം എമ്പുരാന്റെ പ്രമേയത്തെ ചൊല്ലി വിവാദത്തില്‍ നടന്‍ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചു. സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചത്. പ്രിയപ്പെട്ടവരെ വേദനിപ്പിച്ച വിഷയങ്ങളെ നിര്‍ബന്ധമായും സിനിമയില്‍ നിന്ന് നീക്കം ചെയ്യാൻ ഞങ്ങള്‍ ഒരുമിച്ച് തീരുമാനിച്ചു കഴിഞ്ഞുവെന്നും മോഹൻലാല്‍ വ്യക്തമാക്കി.

സംവിധായകന്‍ പൃഥ്വിരാജും, നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂരും ഈ പോസ്റ്റ് റീ ഷെയര്‍ ചെയ്തിട്ടുണ്ട്. എമ്പുരാന്‍റെ റീ എഡിറ്റഡ് പതിപ്പില്‍ ആദ്യ മുപ്പത് മിനിറ്റിൽ കാണിക്കുന്ന ഗുജറാത്ത് കലാപ രംഗങ്ങൾ കുറയ്ക്കും എന്നാണ് വിവരം. കേന്ദ്ര സർക്കാരിന് എതിരായവരെ ദേശീയ ഏജൻസി കേസിൽ കുടുക്കുന്നതായി കാണിക്കുന്ന ഭാഗങ്ങളിൽ ചില മാറ്റങ്ങൾ വരുത്തും.  ബാബ ബജ്‌രംഗി എന്ന വില്ലന്റെ പേര് മാറ്റിയേക്കും എന്നാണ് വിവരം.

അതേ സമയം  എമ്പുരാനെതിരെ ഉയര്‍ന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ചും ചിത്രം റീ സെന്‍സര്‍ ചെയ്യാന്‍ നിര്‍മ്മാതാക്കളെ നിര്‍ബന്ധിതരാക്കിയ സാഹചര്യത്തെക്കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. സംഘപരിവാർ സൃഷ്ടിക്കുന്ന ഭീതിയുടെ ഈ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇന്നലെ എമ്പുരാന്‍ തിയറ്ററിലെത്തി കണ്ടതിന് പിന്നാലെയാണ് പിണറായി വിജയന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റ്.

content highlight: empuraan-re-edited-version