Kottayam

വളർത്തുനായയുടെ അസാധാരണ പെരുമാറ്റത്തിൽ കണ്ടെത്തിയത് 8 അടി മൂർഖനും 31 മുട്ടകളും

പിടികൂടാൻ ശ്രമിച്ചതോടെ പാമ്പ് പൊത്തിലേക്ക് പിൻവലിയാൻ ആരംഭിച്ചതോടെ കയ്യാല പൊളിച്ചാണ് പാമ്പിനെ പിടികൂടിയത്.

കാണക്കാരി: പറമ്പിലെ കയ്യാലയിൽ വിരിയാറായ മുട്ടകളുമായി അടയിരുന്നത് എട്ട് അടിയോളം നീളമുള്ള മൂർഖൻ പാമ്പ്. വളർത്തുനായയുടെ അസാധാരണ പെരുമാറ്റത്തിൽ കണ്ടെത്തിയത് 31 മുട്ടകൾ. കോട്ടയം കാണക്കാരിയിലാണ് സംഭവം. കാണക്കാരി നെല്ലിക്കുന്ന് ചെരിവ് പുരയിടം എൻഎം ജോസഫിന്റെ വീടിന്റെ അടുക്കളയോട് ചേർന്നുള്ള കയ്യാലയിൽ നിന്നാണ് അടയിരിക്കുന്ന മൂർഖൻ പാമ്പിനേയും വിരിയാറായ മുട്ടകളും കണ്ടെത്തിയത്.
ജോസഫിന്റെ വളർത്തുനായ രണ്ട് ദിവസമായി അസാധാരണമായ രീതിയിൽ കയ്യാലയിലെ പൊത്തിലേക്ക് നോക്കി കുരയ്ക്കാൻ തുടങ്ങിയതിന് പിന്നാലെയാണ് കയ്യാലയിലെ പൊത്ത് വീട്ടുകാർ ശ്രദ്ധിച്ചത്. തുടർച്ചയായി ശ്രദ്ധിച്ചതോടെയാണ് പൊത്തിൽ പാമ്പിനെ കണ്ടെത്തിയത്. ഇതോടെ വീട്ടുകാർ വനംവകുപ്പിലെ സ്നേക്ക് റെസ്ക്യൂ വിഭാഗവുമായി ബന്ധപ്പെടുകയായിരുന്നു. പിന്നാലെ കുറുപ്പന്തറ ജോമോൻ ശാരിക പുരയിടത്തിൽ പരിശോധിച്ചപ്പോഴാണ് മൂർഖൻ അടയിരിക്കുകയാണെന്ന് വ്യക്തമായത്. പെരുമ്പാമ്പ് പോലുള്ള പാമ്പുകളിൽ നിന്ന് വ്യത്യസ്തമായി ആഴമുള്ള പൊത്തുകളാണ് മുട്ടയിടാനായി മൂർഖൻ പാമ്പ് തെരഞ്ഞെടുക്കാറെന്നാണ് ജോമോൻ ഏഷ്യാനെറ്റ് ന്യൂസിനോട് വിശദമാക്കിയത്. ഫെബ്രുവരി മുതൽ മാർച്ച് വരെയുള്ള കാലത്ത് പാമ്പുകൾ മുട്ട വിരിയുന്ന സമയമാണെന്നും ജോമോൻ പറയുന്നത്. പിടികൂടാൻ ശ്രമിച്ചതോടെ പാമ്പ് പൊത്തിലേക്ക് പിൻവലിയാൻ ആരംഭിച്ചതോടെ കയ്യാല പൊളിച്ചാണ് പാമ്പിനെ പിടികൂടിയത്.

എട്ട് അടിയോളം നീളമുള്ള മൂർഖനെയാണ പിടികൂടിയത്. മുട്ടകളേയും മൂർഖനേയും സുരക്ഷിതമായി വനംവകുപ്പിന് കൈമാറിയതായി ജോമോൻ വിശദമാക്കുന്നത്. കാണക്കാരി മേഖലയിൽ നിന്ന് അടുത്തിടെ പിടികൂടുന്ന നാലാമത്തെ മൂർഖനാണ് ഇതെന്നാണ് ജോമോൻ വിശദമാക്കുന്നത്. ഒരു മാസത്തോളമായി പാമ്പ് ഈ പൊത്തിൽ താമസമാക്കിയിട്ടെന്നാണ് ജോമോൻ പറയുന്നത്.

content higlight : cobra-and-almost-hatched-31-eggs-found-from-kottayam