നേരിട്ട് അഭിപ്രായം പറയാൻ ധൈര്യമില്ലാത്തവർ ഒളിച്ചിരുന്ന് കല്ലെറിയുന്നെന്ന് നടൻ ആസിഫ് അലി. എമ്പുരാൻ വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു താരം. സമൂഹ മാധ്യമങ്ങളിൽ കാണുന്നത് ഇതിന്റെ മറ്റൊരു വകഭേദം. സൈബർ ആക്രമണം അനുഭവിക്കുന്നവർക്കേ മനസ്സിലാകൂ. ന്യായം എവിടെയോ അതിനൊപ്പം നിൽക്കുമെന്നും ആസിഫ് അലി വ്യക്തമാക്കി.
സിനിമയെ സിനിമയായി കാണണം. സമൂഹമാധ്യങ്ങളുടെ അതിപ്രസരം വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. മൂന്നുമണിക്കൂർ സിനിമ എന്റർടൈൻമെന്റ് എന്ന നിലയിൽ കാണണം. സിനിമ എത്രത്തോളം സ്വാധീനിക്കും എന്നത് നമ്മൾ തീരുമാനിക്കണമെന്നും ആസിഫ് പറയുന്നു.
ഒരുവശത്ത് വിവാദങ്ങള്‍ കത്തിപ്പടരുമ്പോഴും ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടര്‍ന്ന് മോഹന്‍ലാലിന്റെ എമ്പുരാന്‍. റിലീസ് ചെയ്ത് മൂന്നുദിവസം കൊണ്ട് ഇന്ത്യയ്ക്ക് പുറത്തുനിന്ന് ഒരുകോടി ഡോളറാണ് (ഏകദേശം 85 കോടി ഇന്ത്യന്‍ രൂപ) ചിത്രം നേടിയത്. നടന്‍ മോഹന്‍ലാലാണ് ഇക്കാര്യം സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചത്.
48 മണിക്കൂറിനകമാണ് എമ്പുരാന്‍ 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചത്. ആദ്യദിന കളക്ഷനിലും വമ്പന്‍ റെക്കോര്‍ഡ് എമ്പുരാന്‍ സ്വന്തമാക്കിയിരുന്നു. നേരത്തേ അഡ്വാന്‍സ് സെയില്‍സിലും എമ്പുരാന്‍ ചരിത്രം സൃഷ്ടിച്ചിരുന്നു. 58 കോടി രൂപയിലേറെയാണ് അഡ്വാന്‍സ് ടിക്കറ്റ് സെയില്‍സിലൂടെ ചിത്രം നേടിയത്.
മാര്‍ച്ച് 27-നാണ് ആഗോള റിലീസായി എമ്പുരാന്‍ എത്തിയത്. ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്‌സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണ്.
പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ അയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖേഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി. മേനോന്‍, ശിവദ, അലക്‌സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് എമ്പുരാനിലെ മറ്റു താരങ്ങള്‍.
content highlight: asif-ali-about-empuraan