രണ്ടിലൊന്ന് തീര്‍ന്നാലേ യുദ്ധം അവസാനിക്കൂ എന്നാണ് പ്രമാണം. അതുപോലെയാണ് കേരളത്തിലെ ഐ.എ.എസ് ലോബിയിലെ മൂപ്പളിമ തര്‍ക്കവും കൂട്ടത്തല്ലും മുന്നേറുന്നത്. ശത്രുപക്ഷവും, എതിര്‍ പക്ഷവും കട്ടയ്ക്കു പൊരുതുമ്പോള്‍ രണ്ടിലൊരു പക്ഷം ഇല്ലാതാകും. അപ്പോള്‍ മാത്രമേ ഈ പോരാട്ടം നിലയ്ക്കൂ. ഇവിടെ കളക്ടര്‍ ബ്രോ പുതിയൊരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്, യുദ്ധം നിര്‍ത്തുന്നതിന്റെ സൂചനയാണോ എന്നാണ് സെക്രട്ടേറിയറ്റിലെ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ചര്‍ച്ച. ഫേസ് ബുക്ക് പോസ്റ്റുകള്‍ ചര്‍ച്ചയും വിവദാവും അതേ തുടര്‍ന്ന് നടപടികളിലേക്കും പോകുന്നത്, വളരെ അപൂര്‍വ്വം സംഭവങ്ങളാണെങ്കിലും, ആ അപൂര്‍വ്വത കേരളത്തില്‍ നടന്നിരിക്കുന്നു.
അതും ഐ.എ.എസ് ഉദ്യോഗസ്ഥ തലത്തില്‍. കളക്ടര്‍ ബ്രോയാണ് ഒരു വശത്ത്. മറുവശത്ത്, അടുത്ത ചീഫ് സെക്രട്ടറി ആകാനിരിക്കുന്ന എഎം. ജയതിലകാണ്. ഇഴര്‍ക്ക് പക്ഷം പിടിച്ച് നിരവധി ഐ.എ.എസുകാര്‍ രഹസ്യമായുണ്ട്. തമ്മില്‍ തര്‍ക്കവും, ഉദ്യോഗസ്ഥ പ്രവൃത്തികളിലെ പോരായ്മകളും പരസ്യമാക്കിക്കൊണ്ടാണ് ഇവര്‍ പോരാട്ടം തുടങ്ങിയത്. അത് പിന്നീട് വൈരാഗ്യബുദ്ധിയോടെ വാശിയേറിയ പക്ഷം പിടിക്കലും ചെലിവാരി എറിയലിലേക്കും നീങ്ങി. ഇത് ഒരുവേള സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ വരെ ബാധിച്ചേക്കാമെന്ന അവസ്ഥ വന്നതോടെ മുഖ്യമന്ത്രി ഇടപെടുകയാണ് ചെയ്തത്. പരസ്യമായി ഫേസ്ബുക്ക് പോസ്റ്റിട്ടതിനും, സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിക്കാത്തതിനും പ്രശാന്തിന് ചീഫ്‌സെക്രട്ടറി നോട്ടീസ് നല്‍കുകയും ചെയ്തിരിന്നു.
ഈ നോട്ടീസിനെ ചോദ്യം ചെയ്ത് പ്രശാന്ത് തിരിച്ച് ചീഫ് സെക്രട്ടറിക്ക് കത്തു നില്‍കി. ഇതിനു മരുപടി നല്‍കിയില്ലെങ്കിലും, ചോദ്യങ്ങള്‍ ഇപ്പോഴും പ്രസക്തമായി നില്‍ക്കുകയാണ്. അതിനു ശേഷം ഐ.എ.എസ് ഉദ്യോഗസ്ഥര്‍ മൗനം പാലിച്ചെങ്കിലും, പുതിയ ചീഫ് സെക്രട്ടറി എ. ജയതിലക് ആകുമെന്നുറപ്പായതോടെയാണ് പ്രശാന്ത് വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്. ‘ഇന്ന് ആ തീരുമാനം എടുക്കുന്നു’ എന്ന് ഫേസ്ബുക്കില്‍ എഴുതി റോസാപ്പൂക്കള്‍ വിതറിയ ചിത്രമാണ് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തിരിക്കുന്നത്. FINALLY< DESITION< ITSTIME< SOMETHINGNEWLOADING എന്നീ ഹാഷ്ടാഗിനൊപ്പമാണ് ചിത്രം പോസ്റ്റു ചെയ്തിരിക്കുന്നത്.
പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് പലരും ആശയക്കുഴപ്പത്തിലായിട്ടുണ്ടെന്നതാണ് വസ്തുത. ഏപ്രില്‍ ഒന്നു കൂടി ആയതിനാല്‍ എന്താണ് കലക്ടര്‍ ബ്രോ ലക്ഷ്യമിടുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്. നിരവധി പേരാണ് ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റുകളുമായും രംഗത്തുവരുന്നത്. കടുത്ത തീരുമാനം എടുക്കരുതെന്ന് പറഞ്ഞ് നിരവധി കമന്റുകള്‍ എത്തിയിട്ടുണ്ട്. ഒരു തീരുമാനം എടുക്കുന്നതിന് മുമ്പ് നല്ലവണ്ണം ആലോചിക്കണമെന്നും ചിലര്‍ സ്‌നേഹബുധ്യാ ചൂണ്ടിക്കാട്ടുന്നുണ്ട്. സംശയ ദുരീകരണത്തിനു വിളിക്കുന്നവരുടെ ഫോണ്‍ പ്രശാന്ത് എടുക്കുന്നുമില്ല. ഇതോടെ കളക്ടര്‍ ബ്രോ, ഐ.എ.എസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ പോരാടാന്‍ ഇറങ്ങുമോ? എന്ന ചോദ്യമാണ് ഉയരുന്നുണ്ട്.
അതേസമയം അടുത്ത ചീഫ് സെക്രട്ടറിയായി വരാനിരിക്കുന്നത് എ. ജയതിലകാണ് എന്നത് പ്രശാന്തിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. പ്രശാന്തിന്റെ ഒന്നാം നമ്പര്‍ എതിരാളിയാണ് ഇദ്ദേഹം. ഇതാണോ പ്രശാന്ത് ഉദ്ദേശിച്ചതെന്നും വ്യക്തമല്ല. അതോ ഏപ്രില്‍ ഫൂള്‍ തമാശയാണോ എന്നുമാണ് അറിയേണ്ടത്. എന്തായാലും പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചുറ്റിത്തിരിയുകയാണ് സോഷ്യല്‍ മീഡിയ. അതേസമയം ഐ.എ.എസ് ചേരിപ്പോരില്‍ സസ്പെന്‍ഷനിലുള്ള കൃഷിവകുപ്പ് മുന്‍ സെക്രട്ടറി എന്‍. പ്രശാന്തിനെതിരെ അന്വേഷണത്തിനു സര്‍ക്കാര്‍ നടപടി തുടങ്ങിയെന്ന വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥനെ നിശ്ചയിക്കാനുള്ള ഫയല്‍ മുഖ്യമന്ത്രിയുടെ അനുമതിക്കായി കൈമാറി എന്നാണ് മലയാളത്തിലെ പ്രമുഖപത്രം റിപ്പോര്‍ട്ടു ചെയ്തത്. ഈ വാര്‍ത്തയില്‍ കുറ്റാരോപണ മെമ്മോയ്ക്കു കൃത്യമായി മറുപടി നല്‍കാതെ ചീഫ് സെക്രട്ടറിയോടു ചോദ്യങ്ങളുന്നയിച്ചു തുടര്‍ച്ചയായി കത്തുകളയയ്ക്കുകയാണു പ്രശാന്ത് ചെയ്തതെന്നായിരുന്നു ചീണ്ടിക്കാട്ടിയിരിക്കുന്നത്. എന്നാല്‍, അങ്ങനെയല്ല എന്നാണ് പ്രശാന്തിന്റെ പക്ഷം പറയുന്നവര്‍ പറയുന്നത്. തന്റെ മറുപടി പ്രശാന്ത് കൃത്യമായി തന്നെ നല്‍കിയിരുന്നു. അതേസമയം പുതിയ പശ്ചാത്തലത്തില്‍ പ്രശാന്തിനെതിരെ അന്വേഷണം ഉണ്ടാകുമോ എന്നത് കണ്ടറിയേണ്ടതാണ്. സസ്പെന്‍ഡ് ചെയ്യുകയും മെമ്മോ നല്‍കുകയും ചെയ്ത ഘട്ടത്തില്‍ ചീഫ് സെക്രട്ടറിയോടു ചോദ്യങ്ങളുമായി പ്രശാന്ത് രംഗത്തെത്തിയിരുന്നു.
അഡീഷനല്‍ ചീഫ് സെക്രട്ടറി എ. ജയതിലക്, വൈറ്റില മൊബിലിറ്റി ഹബ് എം.ഡി കെ. ഗോപാലകൃഷ്ണന്‍ എന്നിവരെ ലക്ഷ്യമിട്ടു സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടതാണു സസ്പെന്‍ഷനില്‍ കലാശിച്ചത്. നവംബറില്‍ സസ്പെന്‍ഷനിലായ പ്രശാന്തിന്റെ സസ്പെന്‍ഷന്‍ കാലാവധി ജനുവരിയില്‍ നാലു മാസത്തേക്കു കൂടി സര്‍ക്കാര്‍ നീട്ടിയിരിക്കുകയാണ്. അതേസമയം തെളിവുകള്‍ സഹിതം പ്രശാന്ത് ചൂണ്ടിക്കാട്ടിയ വിഷയങ്ങളില്‍ സര്‍ക്കാര്‍ നടപടി കൈക്കൊണ്ടിട്ടില്ല എന്നൊരു വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്. എ. ജയതിലകിനെയും ഗോപാലകൃഷ്ണനെയും സര്‍വീസില്‍ തിരികെ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ പ്രശാന്തിനെ പുറത്തു നിര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.
ചീഫ് സെക്രട്ടറിക്ക് എതിരെ അടക്കം പ്രശാന്ത് വിമര്‍ശനം ഉന്നയിച്ചിരുന്നു. ചീഫ് സെക്രട്ടറിയുടെ നടപടിയില്‍ നീതിയും ന്യായവും കാണുന്നില്ലെന്നും താന്‍ അയക്കുന്ന കത്തുകളും രേഖകളും കാണാതാകുന്നുവെന്നും എന്‍ പ്രശാന്ത് ആരോപിച്ചിരുന്നു. ഇനി ചീഫ് സെക്രട്ടറിക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഓണ്‍ലൈന്‍ വഴി മാത്രമായിരിക്കും കത്തയക്കുകയുള്ളൂവെന്നുമാണ് പ്രശാന്ത് പറയുന്നത്. അതേസമയം സംസ്ഥാന ഉദ്യോഗസ്ഥ തലത്തില്‍ ചേരിപ്പോര് തുടരുമ്പോഴാണ് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഈ മാസം വിരമിക്കും. ഇതോടെ ധന വകുപ്പ് അഡിഷണല്‍ സെക്രട്ടറിയായ എ. ജയതിലക് അടുത്ത ചീഫ് സെക്രട്ടറി ആകുമെന്ന് ഏകദേശം തീരുമാനമായി.
എന്‍ പ്രശാന്ത് ഉള്‍പ്പെട്ട ഐഎഎസുകാരുടെ പോരില്‍ ഒരുഭാഗത്തുള്ള ഡോ. ജയതിലക് ചീഫ് സെക്രട്ടറിയാകുന്നത് സംസ്ഥാനത്തെ ഉദ്യോഗസ്ഥ ഭരണത്തെ എങ്ങനെ ബാധിക്കുമെന്നതും ശ്രദ്ധേയമാണ്. കേരള കേഡറിലുള്ള ഐഎഎസുകാരില്‍, കേന്ദ്ര ഗ്രാമവികസന സെക്രട്ടറി മനോജ് ജോഷിയാണ് ഏറ്റവും സീനിയര്‍. 1989 ബാച്ച് ഐഎഎസുകാരനായ മനോജ് ജോഷിക്ക് കേരളത്തിലേക്ക് മടങ്ങിവരാന്‍ താല്‍പ്പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മനോജ് ജോഷി നേരത്തെ രണ്ടു തവണയും സംസ്ഥാനത്ത് പദവി താല്‍പ്പര്യപ്പെട്ടിരുന്നില്ല. രാജസ്ഥാന്‍ സ്വദേശിയായ മനോജ് ജോഷി കേരളത്തിലേക്ക് മടങ്ങിവരാന്‍ താല്‍പ്പര്യപ്പെടുന്നുണ്ടോയെന്ന് സര്‍ക്കാര്‍ വീണ്ടും വ്യക്തത വരുത്തും. ഡോ. ജയതിലക്, പാര്‍ലമെന്ററി കാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണസ്വാമി, ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയി, രചന ഷാ എന്നിവരാണ് 1991 ബാച്ച് ഐഎഎസുകാര്‍.
കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തില്‍ സെക്രട്ടറിയായ രചനാ ഷാ കേരളത്തിലേക്ക് വരാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നാണ് വിവരം. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഗ്രേഡ് ഇല്ലാത്തതിനാല്‍ രാജു നാരായണ സ്വാമിക്ക് സാധ്യത കുറവാണ്. ജയതിലക് ചീഫ് സെക്രട്ടറി പദവിയിലെത്തിയാല്‍ 2026 ജൂണ്‍ വരെ കാലാവധിയുണ്ട്. ശാരദ മുരളീധരന്‍, ഇഷിത റോയി എന്നിവര്‍ക്ക് പുറമെ, രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ കൂടി ഈ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കും. കെഎസ്ഇബി ചെയര്‍മാന്‍ ബിജു പ്രഭാകര്‍ ഏപ്രില്‍ 30 നും പൊതു വിദ്യാഭ്യാസ സെക്രട്ടറി റാണി ജോര്‍ജ് മെയ് 31നും വിരമിക്കും.
തന്റെ നിറവുമായി ബന്ധപ്പെട്ട് ആക്ഷേപം കേള്‍ക്കേണ്ടി വന്ന ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ പടിയിറങ്ങുന്നതോടെ കേരളത്തിലെ ഐ.എ.എസ്. ലോബിക്കിടയില്‍ കൂട്ടത്തല്ലും, തര്‍ക്കവും രൂക്ഷമാകുമെന്നുറപ്പാണ്. അതിനു മുമ്പേ കളക്ടര്‍ ബ്രോ എന്‍. പ്രശാന്തിന്റെ പുതിയ തീരുമാനം എന്താണെന്ന് കാത്തിരിക്കുകയാണ് കേരളം. ഇനി കേന്ദ്ര സര്‍വ്വീസിലേക്ക് ഡെപ്യൂട്ടേഷനില്‍ പോകാനാണോ തീരുമാനമെന്നും അറിയേണ്ടതുണ്ട്.
CONTENT HIGH LIGHTS; Bro..what is that decision?: Will Collector Bro leave the civil service and enter politics?; Or will he go on deputation to the center?; Where is the gang war and seniority dispute in the IAS?