നിങ്ങൾ സ്വയം മുടി മുറിക്കാറുണ്ടോ ? എങ്കിൽ മുടി മുറിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ. മുടി പൂർണമായി തലയുടെ പിൻവശത്തേക്കു ചീകി ഒതുക്കി വയ്ക്കണം. ഇതിനു ശേഷം മുൻവശത്തെ മുടി നെറ്റിയിലേക്ക് ചീകിയിട്ട് ഒരുപോലെ ലെവൽ ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. നെറ്റിയുടെ ഭാഗത്തെമുടി ലെവൽ ചെയ്യുമ്പോൾ അൽപ്പം ഇറക്കി മുറിക്കുന്നതാണ് നല്ലത്.
കത്രിക ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. കത്രികയുടെ തുമ്പ് എവിടെ വരെ എത്തും എന്ന കാര്യം ശ്രദ്ധിക്കണം. ശ്രദ്ധ കുറഞ്ഞാൽ ഉദ്ദേശിക്കാത്ത ഭാഗത്തെ മുടി മുറിയും. ചെവിയും മുറിയും. കണ്ണിന്റെ ഭാഗം, ചീപ്പ് പിടിച്ചിരിക്കുന്ന കയ്യുടെ ഭാഗങ്ങൾ എന്നിവ മുറിയാൻ സാധ്യതയുണ്ട്.
അമിതമായി ചുരുണ്ടതോ വളവോ ഉള്ള മുടികൾ മുറിക്കുമ്പോൾ മുന്നിലും പിന്നിലും കണ്ണാടി സ്ഥാപിക്കുന്നതാണ് നല്ലത്. ഇപ്പോഴത്തെ മുടിയുടെ രൂപത്തിന്റെ വലുപ്പത്തിൽ നിന്ന് എത്ര നീളം കുറയ്ക്കണോ, അതിലും കുറച്ചു മുടി നീളം കൂട്ടിനിർത്തി വെട്ടണം.
ഒരാളുടെ തലയിൽ 10 ഇഞ്ച് നീളത്തിൽ മുടി നിൽക്കുന്നു എന്നു കരുതുക. അതിൽ 6 ഇഞ്ച് നീളം മുറിക്കേണ്ട ആവശ്യമുണ്ടെന്നു കരുതുക. ഒറ്റയടിക്ക് 6 ഇഞ്ച് നീളത്തിൽ മുടി മുറിക്കരുത്. 4 ഇഞ്ച് ആദ്യം മുറിക്കുക. ചീപ്പെടുത്ത് മുടി ചീകണം.
തൃപ്തി ആയില്ലെങ്കിൽ ഒരിഞ്ചു കൂടി മുറിക്കുക. വീണ്ടൂം ചീകുക. ശരിയായാൽ പിന്നെ മുറിക്കേണ്ടതില്ല. എന്നിട്ടും തൃപ്തി വന്നില്ലെങ്കിൽ ഒരിഞ്ചുകൂടി മുറിക്കൂ. കൂടുതൽ മുടി ആദ്യമേ മുറിഞ്ഞുപോയാൽ ഒന്നും ചെയ്യാൻ കഴിയില്ല. ഇഞ്ചിന്റെ കണക്ക് ഉദാഹരണം മാത്രം.