എല്ലാ വീടുകളിലെയും അടുക്കളയില്‍ വളരെ സുലഭമായി ലഭിക്കുന്നതാണ് ബീറ്റ്റൂട്ട്. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ബീറ്റ്‌റൂട്ടിനുള്ള പങ്ക് വളരെ വലുതാണ്. ബീറ്റ്‌റൂട്ട് വൈറ്റമിന്‍ സിയാല്‍ സമ്പുഷ്ടമാണ്. മുഖത്തെ പാടുകള്‍ മാറ്റാന്‍ മാത്രമല്ല, ചുണ്ടിന് നിറം നല്‍കാനും ബീറ്റ് റൂട്ടിന് കഴിയും.
ബീറ്റ്‌റൂട്ട് ഒരു സൂപ്പര്‍ഫുഡ് എന്ന പേരില്‍ ഇടം പിടിച്ചിട്ടുള്ളതാണ്. ഈ പച്ചക്കറി പോഷകങ്ങളുടെ ഒരു കലവറയാണെന്ന് ആണ് അറിയപ്പെടുന്നത്. വൈവിധ്യമാര്‍ന്ന ഗുണങ്ങളുള്ള ഈ പച്ചക്കറി അസംസ്‌കൃതമായും പലതരം കറികളുടെ രൂപത്തിലും അച്ചാറിട്ടും ഒക്കെ നമ്മളെല്ലാം കഴിക്കാറുണ്ട്.
എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ബീറ്റ്‌റൂട്ട് ജ്യൂസ് രൂപത്തിലാക്കി ദിവസവും ഒരു ഗ്ലാസ് വീതം കുടിക്കുന്നത് പതിവാക്കിയാല്‍ ശരീരത്തിന്റെ ആരോഗ്യവും ദീര്‍ഘായുസ്സും വര്‍ദ്ധിക്കും. ഇത് കൂടാതെ ബീറ്റ്റൂട്ട് ഉപയോഗിച്ച് പ്രകൃതിദത്തമായ രീതിയിൽ വീട്ടിൽ തന്നെ ലിപ് ബാം തയാറാക്കാനും കഴിയും.
ആവശ്യമുള്ള വസ്തുക്കള്‍
ബീറ്റ്റൂട്ട്
വെളിച്ചെണ്ണ
ഉണ്ടാക്കേണ്ട വിധം
ബീറ്റ് റൂട്ട് നന്നായി കഴുകിയശേഷം ചെറുതായി അരിഞ്ഞെടുക്കുക. നീര് പിഴിഞ്ഞെടുക്കണം. ഇതിലേക്ക് വെള്ളം കലരുന്നില്ല എന്ന് ഉറപ്പാക്കാണം. ആറ് സ്പൂൺ ബീറ്റ്റൂട്ട് നീരിലേക്ക് ഒരു സ്പൂൺ വെളിച്ചെണ്ണ ചേർക്കണം. ഒരു ചെറിയ മരത്തവി ഉപയോഗിച്ച് ഇതു നന്നായി മിക്സ് ചെയ്യണം. ഉറയ്ക്കുന്നതിനായി ഈ മിശ്രിതം ഫ്രിഡ്ജിലേക്ക് വയ്ക്കുക. ഉറച്ചു കഴിഞ്ഞാൽ ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാം. പ്രകൃതിദത്ത വസ്തുക്കളായതു കൊണ്ട് ഓക്സിഡൈസ് ചെയ്യപ്പെടാൻ സാധ്യത കൂടുതലാണ്. അതിനാൽ ദിവസേന ഉപയോഗിക്കുന്നില്ലെങ്കിൽ ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കുന്നതാണ് ഉചിതം. വരണ്ടു പൊട്ടുന്നതു തടയുന്നതിനൊപ്പം ചുണ്ടുകൾക്ക് നിറം ലഭിക്കാനും ഈ ലിപ് ബാം സഹായിക്കും.