ജിഗർതണ്ട ഡബിൾ എക്സ് എന്ന ചിത്രത്തിനു ശേഷം സൂര്യയെ നായകനാക്കി കാർത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ‘റെട്രോ’യുടെ പുതിയ അപ്ഡേറ്റ് പുറത്ത്. കങ്കുവയിലൂടെ സൂര്യയ്ക്ക് ഉണ്ടായ ക്ഷീണം തീർക്കാൻ എത്തുന്ന ചിത്രമാണ് ‘റെട്രോ’ എന്ന പ്രതീക്ഷയിലാണ് ആരാധകർ. ആക്ഷനും റൊമാൻസും കൂടിക്കലർന്ന ചിത്രമാണിത്. ഇപ്പോഴിതാ ചിത്രത്തിലെ തന്റെ ഭാഗങ്ങളുടെ ഡബ്ബിങ് പൂർത്തിയാക്കിയിരിക്കുകയാണ് സൂര്യ. മെയ് 1 ന് ചിത്രം തിയേറ്ററിൽ എത്തും.
കാർത്തിക് സുബ്ബരാജ് തന്നെയാണ് സൂര്യ ഡബ്ബിങ് പൂർത്തിയാക്കിയ വിവരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ട്രെൻഡിങ് ആയി നിൽക്കുന്ന ജിബിലി സ്റ്റൈൽ ചിത്രവും വീഡിയോയും ആണ് പങ്കുവെച്ചിരിക്കുന്നത്. ടീസർ റിലീസിന് പിന്നാലെ വലിയ പ്രതീക്ഷയാണ് ചിത്രം സമ്മാനിച്ചിരിക്കുന്നത്.
സൂര്യയുടെ 44-ാം ചിത്രമായി ഒരുങ്ങുന്ന റെട്രോ 1980കളില്‍ നടക്കുന്ന കഥയാണ് എന്നാണ് സൂചന. പൂജ ഹെഗ്‌ഡെ നായികയായി എത്തുന്ന ചിത്രത്തിൽ മലയാളി താരങ്ങളായ ജോജു ജോർജ്, ജയറാം എന്നിവരും നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു
STORY HIGHLIGHT: retro film surya finishes dubbing