Kerala

എമ്പുരാനിൽ ദേശവിരുദ്ധതയുണ്ട്; മല്ലിക സുകുമാരൻ പറഞ്ഞത് അമ്മയുടെ വികാരം; മേജർ രവി | Major Ravi

കൊച്ചി: എമ്പുരാനിൽ ദേശവിരുദ്ധതയുണ്ടെന്നും സത്യാവസ്ഥ മറച്ചുപിടിച്ചെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് മേജർ രവി. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തിയിട്ടില്ലെന്നും മല്ലിക സുകുമാരൻ പറഞ്ഞത് അമ്മയുടെ വികാരമെന്നും പറഞ്ഞ രവി പത്തും ഇരുപതും വയസ്സുള്ള കുട്ടികൾക്ക് മേൽ ഈ കള്ളങ്ങൾ അടിച്ചേൽപ്പിക്കാൻ പാടില്ലെന്നും ആവശ്യപ്പെട്ടു.

‘പടം മോശമാണെന്ന് പറഞ്ഞിട്ടില്ല. ടെക്നിക്കലി ബ്രില്യന്‍റായ പടമാണിത്. സിനിമ കണ്ടിറങ്ങി താനത് മാധ്യമങ്ങളോട് പറഞ്ഞിട്ടുമുണ്ട്. സിനിമ കഴിഞ്ഞ ഉടൻ മോശം പറയേണ്ടെന്ന് കരുതിയാണ് ചിത്രത്തിലെ ദേശവിരുദ്ധത പറയാത്തത്. പൃഥ്വിരാജിനെ തനിക്ക് ഇഷ്ടമാണ്. പത്തും ഇരുപതും വയസ്സുള്ള കുട്ടികൾക്ക് ഈ കള്ളങ്ങൾ അടിച്ചേൽപ്പിക്കാൻ പാടില്ല.എന്തുകൊണ്ടാണ് ചരിത്രത്തിന്റെ പകുതി മാത്രം സിനിമയാക്കിയത്?’. മേജര്‍ രവി ചോദിച്ചു.

‘മോഹൻലാലുമായി വർഷങ്ങളുടെ നല്ല ബന്ധമാണ്. മോഹൻലാലിനോട് മരിക്കുംവരെ കടപ്പാടുണ്ട്. തനിക്ക് കീർത്തിചക്ര സിനിമ തന്നത് മോഹൻലാലാണ്. മേജര്‍ രവി ആരാണെന്ന് ചോദിച്ചാല്‍ മോഹന്‍ലാലിന്‍റെ ചങ്കാണെന്ന് പറയും. മോഹൻലാലിന് തന്നോട് എങ്ങനെയാണെന്ന് അറിയില്ല.

‘തന്റെ പടത്തിൽ രാജ്യ സ്നേഹം മാത്രമാണുള്ളത്. ദേശവിരുദ്ധത ഇല്ല. തന്റെ പടത്തിലെ വില്ലന്മാർ മുസ്‍ലിം നാമധാരികൾ ആയിരുന്നു. കാശ്മീരിലെയും പാകിസ്താനിലെയും ആളുകൾക്ക് തന്റെ അച്ഛന്റെ പേര് നൽകാൻ പറ്റില്ലല്ലോ’? അതിൽ മുസ്‍ലിം വിരുദ്ധത ഇല്ലെന്നും മേജര്‍ രവി പറഞ്ഞു.