Beauty Tips

പിങ്ക് കറ്റാർവാഴയെ കുറിച്ച് കേട്ടിട്ടുണ്ടോ? അറിയാം ഗുണങ്ങൾ

ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ ചർമത്തിന് ജലാംശം അത്യാവശ്യമാണ്. മൂന്ന് പാളികൾ ചേർന്നതാണ് നമ്മുടെ ചർമം. ചർമത്തിൽ ഈർപ്പമില്ലെങ്കിൽ, പുറം പാളിയിലെ മൃദുലത നഷ്‌ടപ്പെട്ട് പ്രായം കൂടിയതായി തോന്നും. ജലാംശമുള്ള ചർമം കൂടുതൽ യുവത്വമുള്ളതും തിളക്കമുള്ളതുമായി കാണപ്പെടുന്നു. അതിനാല്‍ സൗന്ദര്യ സംരക്ഷണ ഉൽപ്പന്നങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ചർമത്തിലെ ഈർപ്പം നിലനിർത്താൻ കഴിയുന്നതാണോയെന്ന് പ്രത്യേകം ശ്രദ്ധിക്കണം. മുഖത്തിന്‍റെ സ്വാഭാവിക ഈർപ്പവും പിഎച്ചും നിലനിർത്താന്‍ ഏറ്റവും മികച്ചതാണ് കറ്റാർവാഴ.

മുഖക്കുരു മുതൽ ചർമത്തിലെ നിരവധി പ്രശ്‌നങ്ങൾക്കുള്ള പ്രകൃതിദത്ത പരിഹാരമാണ് കറ്റാര്‍വാഴ. ആന്‍റി ഇൻഫ്ലമേറ്ററി, ആന്‍റി ബാക്‌ടീരിയൽ ഗുണങ്ങളുള്ള കറ്റാർവാഴ സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും മികച്ചതായാണ് കരുതുന്നത്.

പിങ്ക് കറ്റാർവാഴ ജലാംശത്തിന്റെ പുതിയ പര്യായമാണ്. ഏത് ചർമത്തിനും ഒരുപോലെ അനുയോജ്യമാണ് എന്നതാണ് പിങ്ക് കറ്റാർവാഴയുടെ ഗുണം. പിങ്ക് കറ്റാർ വാഴയിൽ ഈർപ്പം കൂടുതലാണ്. ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ, ചർമ്മത്തിന് ഗുണം ചെയ്യുന്ന മറ്റു ഘടകങ്ങൾ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്.

പച്ച കറ്റാർവാഴയിൽ നിന്ന് വേർതിരിച്ചെടുത്ത് നിയന്ത്രിത താപനിലയിൽ ഓക്സിഡൈസ് ചെയ്താണ് പിങ്ക് കറ്റാർവാഴ നിർമിക്കുന്നത്. പിങ്ക് കറ്റാർവാഴയിലുള്ള അലോയ് ഇമോഡിനിൽ ആൻറി ഓക്സിഡൻറുകളുടെ സാന്നിധ്യം കൂടുതലായിരിക്കും. കറ്റാർവാഴ ജെൽ നല്ലൊരു മോയിസ്ചറൈസറും ക്ലൻസറുമാണ്. വിറ്റാമിൻ ഇ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഇത് ചർമ്മത്തെ മൃദുവാക്കുകയും ചുളിവുകൾ അകറ്റി മുഖക്കുരു കുറക്കാനും സഹായിക്കുന്നു.

എണ്ണമയമുള്ളതും വരണ്ടതുമായ ചർമ്മങ്ങൾക്ക് ഇത് അനുയോജ്യമാണ്. എണ്ണമയമുള്ള ചർമ്മത്താൽ വേഗത്തിൽ ആഗിരണം ചെയ്യപ്പെടുകയും വരണ്ട ചർമ്മത്തെ മോയ്‌സ്ചറൈസ് ചെയ്യുകയും ചെയ്യുന്നു. അതായത് ചർമത്തിന് ജലാംശം നൽകുന്നതിന് പച്ച കറ്റാർവാഴയേക്കാൾ വളരെ ഫലപ്രദമാണ് പിങ്ക് കറ്റാർവാഴ.

ഔഷധഗുണങ്ങൾ വേണ്ടുവോളം ഉള്ളതിനാൽ പല തരത്തിലുള്ള ത്വക്ക് രോഗങ്ങളും മാറ്റാൻ കറ്റാർവാഴയുടെ നീര് നിരന്തരമായി ലേപനം ചെയ്യുന്നത് ഫലപ്രദമാണ്. ഔഷധച്ചെടി, പ്രഥമശുശ്രൂഷയ്ക്കുള്ള മരുന്ന്, ജീവന്റെ നാഡി, അതിശയച്ചെടി, സ്വർഗ്ഗത്തിലെ മുത്ത് എന്നീ വിശേഷണങ്ങളിൽ അറിയപ്പെടുന്ന സസ്യം കൂടിയാണ് കറ്റാർവാഴ.

പിങ്ക് കറ്റാർവാഴ അടങ്ങിയ മോയിസ്‌ചറൈസറുകൾ, സെറം, ടോണറുകൾ, ഡേ ജെൽസ്, ഫേസ് ക്ലെൻസറുകൾ തുടങ്ങിയ ചർമ സംരക്ഷണ ഉൽപ്പന്നങ്ങൾ വളരെ മികച്ചതാണ്. ദിവസം മുഴുവൻ ചർമം ഫ്രഷായി നിലനിർത്തും.

കണ്ണുകൾക്ക് താഴെയുള്ള വീക്കവും ചെറിയ ചുളിവുകളും കുറയ്ക്കാനും കറ്റാര്‍വാഴ ഗുണം ചെയ്യും. ചർമ സംരക്ഷണത്തിൽ പിങ്ക് കറ്റാർവാഴ ഉപയോഗിക്കുമ്പോൾ, ഉൽപ്പന്നങ്ങൾക്ക് എണ്ണമയമില്ലാത്തതും ഒട്ടിപ്പിടിക്കാത്തതുമായി അനുഭവപ്പെടും.