Movie News

മമ്മൂക്കയ്ക്ക് വേണ്ടി പാടി തകർത്ത് ശ്രീനാഥ്‌ ഭാസി; ബസൂക്കയിലെ ​ഗാനം പുറത്ത് | Bazooka Movie

സയീദ് അബ്ബാസിന്റെ മ്യൂസിക്കിൽ ബിൻസ് ആണ് പാട്ടിന് വരികൾ എഴുതിയിരിക്കുന്നത്

ബസൂക്ക എന്ന സിനിമയ്ക്കായി ആരാധകർ കാത്തിരിപ്പിലാണ്. ഏപ്രിൽ 10ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

സയീദ് അബ്ബാസിന്റെ മ്യൂസിക്കിൽ ബിൻസ് ആണ് പാട്ടിന് വരികൾ എഴുതിയിരിക്കുന്നത്. ശ്രീനാഥ്‌ ഭാസിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ മാസ് ലുക്കും സിനിമയിൽ ചില ഷോർട്ടുകളും പാട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ പാട്ടിന് ലഭിക്കുന്നത്. നേരത്തെ സിനിമയിലെ നടൻ സുമിത് നവലിന്റെ ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ബിഗ് ബി എന്ന മമ്മൂട്ടി ചിത്രത്തിലെ ബിജോ ജോൺ കുരിശിങ്കൽ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് സുമിത്. ഇതിന് പുറമെ സാഗർ ഏലിയാസ് ജാക്കി, സീനിയേഴ്സ്, സിഐഎ തുടങ്ങിയ സിനിമകളിലും നടൻ അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യൻ നായിക സിമ്രാന്റെ സഹോദരൻ കൂടിയാണ് സുമിത്.

മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ഡീനോ ഡെന്നിസ് എന്നതും ബസൂക്കയുടെ പ്രത്യേകതയാണ്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.

ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക.

content highlight: Bazooka movie